കണ്ണൂർ: പുതുപദ്ധതികളുമായി കണ്ണൂർ കോർപറേഷൻ ബജറ്റ് അവതരിപ്പിച്ചു. മേയറുടെ പരാതി പരിഹാര അദാലത്, ഫ്ലൈ ഓവർ, ട്രാൻസ് ജൻഡർ ക്ഷേമം, തുടങ്ങി വേറിട്ട പദ്ധതികളുമായാണ് ഇത്തവണത്തെ കണ്ണൂർ കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ ഷബീന അവതരിപ്പിച്ചത്. നഗരത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതികൾ ഒരുക്കിയ കോർപറേഷൻ ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

നഗരവികസനം,നഗര സൗന്ദര്യവൽക്കരണം, ജലസംരക്ഷണം, പട്ടികജാതി പട്ടികവർഗ ക്ഷേമം,, ട്രാൻസ്ജെൻഡർ ക്ഷേമം,പാലിയേറ്റീവ് പ്രവർത്തനം, മാലിന്യ നിർമ്മാർജനം, കൃഷി,കലാ-കായിക വികസനം തുടങ്ങി എല്ലാ മേഖലകളിലും സ്പർശിച്ചു കൊണ്ടുള്ളതാണ് ബജറ്റ്.
ഓഫീസേഴ്സ് ക്ലബ്ബ് പരിസരം മുതൽ എസ് എൻ പാർക്ക് വരെ ഫ്ലൈഓവർ നിർമ്മിക്കുന്നതാണ് ബജറ്റിലെ മുഖ്യ ആകർഷണം. നഗരസഭ ചെയർമാനും മുസ്ലിംലീഗ് നേതാവും ആയിരുന്ന ബി പി ഫാറൂഖിന്റെ പേരിൽ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

കണ്ണൂർ ദസറ,ബീച്ച് കാർണിവൽ തുടങ്ങിയ പരിപാടികൾക്ക് തുക നീക്കിവെച്ചതിലൂടെ കലാ സാംസ്‌കാരിക രംഗത്ത് പുത്തൻ ഉണർവ്വും പ്രതീക്ഷിക്കുന്നു. നിങ്ങൾ മനുഷ്യനായതു കൊണ്ട് വലിയവൻ ആകുന്നില്ല. മനുഷ്യത്വം ഉള്ളവൻ ആയാലെ വലിയവൻ ആകും എന്ന ഗാന്ധിജിയുടെ സൂക്തവും സമാധാനം ഇല്ലെങ്കിൽ മറ്റെല്ലാ സ്വപ്നവും അപ്രത്യക്ഷമാകുകയും ചാരം ആവുകയും ചെയ്യും എന്ന നെഹ്റുവിന്റെ സന്ദേശവും ബജറ്റിൽ ഷബിന ടീച്ചർ ഓർമ്മിപ്പിക്കുന്നുണ്ട്.

202223 വർഷത്തെ മതിപ്പ് ബജറ്റിന്റെ പൊതു കണക്കിൽ 63, 13,89, 411 രൂപ മുൻ നീക്കിയിരിപ്പും 285, 03,47,565 രൂപ വരവും 279, 16, 94,000 രൂപ ചെലവും 69,00,42,976 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡപ്യൂട്ടി മേയർ കെ. ഷബീന അവതരിപ്പിച്ചത്.