- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി ചൈനീസ് അതിർത്തിയിൽ; അവിടെ ചെന്ന് പൊക്കി കേരളാ പൊലീസ്
മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട അതിഥി തൊഴിലാളിയെ ചൈനീസ് അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്. അസമിലെ മണിക്പൂർ സ്വദേശിയായ ഷഫീഹുറഹ്മാനെയാണ് (33) ചൈനിസ് അതിർത്തിയിലുള്ള അരുണാചലിലെ ഒരു ഗ്രാമത്തിൽ നിന്നും പിടികൂടിയത്. മങ്കടയിലെ വാടക ക്വാർട്ടേഴ്‌സിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മക്കളുമായി ഇവിടെ നിന്നും കടന്നു കളയുക ആയിരുന്നു. രണ്ട് മക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു.
അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആറു മാസമായി മങ്കട എലച്ചോലയിൽ താമസിക്കുന്ന അസം സ്വദേശിനി ഹുസ്‌നാര ബീഗത്തെ (28) ഈ മാസം 10നാണു വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെത്താമസിച്ചിരുന്ന ഭർത്താവിനെയും രണ്ട് മക്കളെയും കാണാതായതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി.
സിസിടിവി പരിശോധനയിൽ, കൊല നടന്നതിന്റെ പിറ്റേ ദിവസം ഇയാൾ കുട്ടികൾക്കൊപ്പം പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തി. എസ്‌പി എസ്.സുജിത് ദാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണം ഇയാളെത്തേടി അസമിലെത്തി. ഒരാഴ്ചയോളം അവിടെ താമസിച്ചു പരിശോധിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഇതിനിടെ, ഇയാളുടെ സഹോദരങ്ങൾ അരുണാചൽ പ്രദേശിൽ ചൈനയോടു ചേർന്നു കിടക്കുന്ന റൂയിങ് ജില്ലയിൽ ജോലി ചെയ്യുന്നതായി മനസ്സിലായി. ഫോൺ പരിശോധിച്ചപ്പോൾ പ്രതിയും അവിടെയുണ്ടെന്നു കണ്ടെത്തി. റുയിങ്ങിലെത്തിയ അന്വേഷണ സംഘം പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കുടുംബത്തെ ഏൽപിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ മങ്കട സിഐ യു.കെ.ഷാജഹാൻ, എസ്‌ഐ ശ്യാം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ,എൻ.ടി.കൃഷ്ണകുമാർ, ദിനേഷ് കിഴക്കേക്കര, പ്രഭുൽ, മങ്കട സ്റ്റേഷനിലെ എഎസ്‌ഐ ഷാഹുൽ ഹമീദ്, എസ്സിപിഒ അബ്ദുൽ സലാം തുടങ്ങിവരാണു സംഘത്തിലുണ്ടായിരുന്നത്.