ചക്കരക്കൽ : സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭവവുമായി ഏതറ്റം വരെയും ബിജെപി പോകുമെന്ന് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂർ ചക്കരക്കല്ലിൽ പാർട്ടി പരിപാടിക്ക് എത്തിയപ്പോൾ കെ. റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ എന്തിനാണ് നടപ്പിലാക്കാൻ നിർബന്ധം കാണിക്കുന്നതെന്നും കുമ്മനം ചോദിച്ചു.പ്രധാനമന്ത്രി പ്രഖ്യാപിച്ച വന്ദേമാതരം പദ്ധതി നടപ്പിലാക്കുന്നതിനായി നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് കേരളം നടത്തേണ്ടത്. കെ.റെയിൽ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് അന്നേ റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞതാണ.

ഇക്കാര്യത്തിൽ വ്യക്തതയില്ലാതെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതിയുടെ അലൈന്മെന്റു പോലും വ്യക്തമല്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ കാഴ്‌ച്ചപ്പാടില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ യോജിപ്പില്ലെന്നാണ് വ്യക്തമാകുന്നത്.

മന്ത്രിമാർ പറയുന്നതുപോലെയല്ല കെ.റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ എൽ.ഡി.എഫിലും ആ കെ ആശയക്കുഴപ്പമാണെന്ന് കുമ്മനം പറഞ്ഞു. വിനാശകരമായ പദ്ധതിക്കെതിരെ കേരളത്തിൽ ബിജെപി ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും ഈ വിഷയത്തിൽ പിന്നോട്ടില്ലെന്നും കുമ്മനം അറിയിച്ചു.