നജ്റാൻ: തമിഴ്‌നാട് സ്വദേശിയെ സൗദി അറേബ്യയിലെ നജ്റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുരുകേഷ് കഴിഞ്ഞ 25 വർഷമായി നജ്‌റാനിൽ ജോലി ചെയ്തുവരികയായിരുന്നു. 12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കെയാണ് ജീവനൊടുക്കിയത് എന്നാണ് വിവരം.

വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വർഷമായിരുന്നു. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു.

അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. വിമാന ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ നാട്ടിലേക്ക് പോവേണ്ടതിന്റെ തലേ ദിവസംതാമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനിൽ തന്നെ സംസ്‌കരിച്ചു. ഭാര്യ: ഇളവരശി, മക്കൾ: ശ്രീമതി, രൂപശ്രീ.