യുക്രെയിന് കൂടുതൽ മിസൈലുകൾ നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ വ്യക്തമാക്കി. അതിനൊപ്പം നാറ്റോയുടെ കിഴക്കൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നാറ്റോ സഖ്യരാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുക വഴി പുട്ൻ തീർത്തും നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്തതെന്നു പറഞ്ഞ ബോറിസ് ജോൺസൺ സമാധാന ചർച്ചകളെ പുടിൻ ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ചു.

അന്തിമ വിജയം യുക്രെയിനിന്റെതായിരിക്കുമെന്ന് ബോറിസ് ജോൺസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാശ്ചാത്യ ശക്തികൾ യുക്രെയിന് കൂടുതൽ ആയുധസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, എല്ലാവർക്കും ആവശ്യം സമാധാനമാണ്. ബ്രിട്ടനും ആഗ്രഹിക്കുന്നത് സമാധാനമാണ്. ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമായിരിക്കും. എന്നാൽ, പുടിന് അത് ആഗ്രഹിക്കുന്നില്ല, ബോറിസ് ജോൺസൺ തുടർന്നു.

യുക്രെയിൻ പ്രതിരോധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 6000 മിസൈലുകൾ കൂടി യുക്രെയിനിലേക്ക് അയയ്ക്കുവാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം നാറ്റോയുടെ കിഴക്കൻ അതിർത്തിയായ ബൾഗേറിയയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുവാനും ബ്രിട്ടൻ തയ്യാറെടുപ്പ് നടത്തുകയാണ്. അതിനിടയിൽ യുക്രെയിനു മുകളിൽ നോഫ്ളൈ സോൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും യുക്രെയിൻ രംഗത്തെത്തി.

റഷ്യയ്ക്കെതിരെയുള്ള ഉപരോധം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് പാശ്ചാത്യ ശക്തികൾ. നേരത്തേ സെലെൻസ്‌കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ, റഷ്യൻ പാരാമിലിറ്ററി സേനയായ വേഗ്‌നാർ ഗ്രൂപ്പ് ഉൾപ്പടെ 65 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കൂടി ഇന്നലെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ ശതകോടീശ്വരൻ യൂജിൻ ഷ്വിഡ്ലർ, ഗലീൻഡാനിൽചെങ്കോവ്തുടങ്ങിയവരും ഇതിൽ ഉൾപ്പെടുനു. റഷ്യൻ വിദേശകാര്യം മന്ത്രിയുടെ പുത്രി, നിരവധി റഷ്യൻ ബാങ്കുകൾ തുടങ്ങിയവയും ഈ പുതിയ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഈ സംഭവ വികാസങ്ങൾക്കിടയിലാണ് റഷ്യയുടെ ഏറ്റവും വലിയ ശത്രു ബോറിസ് ജോൺസനാണ് എന്നു പറഞ്ഞ് പുടിൻ രംഗത്തെത്തുന്നത്. റഷ്യയ്ക്കെതിരെയുള്ള ഉപരോധങ്ങൾക്കും, യുക്രെയിനുള്ള സഹായങ്ങൾക്കുമെല്ലാം ഒരു ചാലക ശക്തിയായി നിന്നത് ബോറിസ് ജോൺസനായിരുന്നു എന്ന് പുടിന്റെ വക്താവ് ഡിമിത്രി പെസ്‌കോവും പറഞ്ഞു.

എന്നാൽ താൻ ഒരിക്കലും ഒരു റഷ്യൻ വിരുദ്ധനല്ല എന്ന് ഇതിന് മറുപടിയായി ബോറിസ് ജോൺസൺ പ്രതികരിച്ചു. എന്നാൽ, ഇപ്പോൾ വ്ളാഡിമിർ പുടിൻ ചയ്യുന്നത് അക്രമവും അനീതിയുമാണ്. അതിനെ ചെറുക്കുക തന്നെ ചെയ്യുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.