1953-ൽ മോസ്‌കോയ്ക്ക് വെളിയിലുള്ള ഒരു ഗ്രാമത്തിലെ തന്റെ എസ്റ്റേറ്റിൽ വെച്ച് റഷ്യൻ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന് ഒരു ഹൃദയസ്തംഭനം ഉണ്ടായപ്പോൾ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന പലരും അവിടെ ഓടിയെത്തി. സ്റ്റാലിന്റെ പിൻഗാമികളാകാൻ ആഗ്രഹിച്ചിരുന്ന അവരാരും തന്നെ സ്റ്റാലിൻ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല എന്നാൽ സ്റ്റാലിൻ മരിച്ചാൽ എന്തു സംഭവിക്കും എന്നതിനെ കുറിച്ചോർത്ത് ഭയന്നിരുന്നു.

എസ്റ്റേറ്റിനു പുറത്ത് കാത്തുനിന്നവരോടായി അന്നത്തെ രഹസ്യ പൊലീസ് മേധാവി ലാവ്രെന്റി ബരിയ ചോദിച്ചത് അവർ എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്നായിന്നു. സ്റ്റാലിൻ സുഖമായി ഉറങ്ങുകയാണെന്നും ശല്യം ചെയ്യരുതെന്നും അയാൾ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം നേരം ഒരു ഡോക്ടറേയും വിളിച്ചു വരുത്തിയില്ല. ഏതാനും ദിവസം നീണ്ടുനിന്ന ആ ഉറക്കത്തിന്റെ അവസാനം ജോസഫ് സ്റ്റാലിൻ എന്ന ആ മനുഷ്യൻ ഇഹലോകവാസം വെടിയുകയുംചെയ്തു.

ഇതുപോലൊരു സാഹചര്യത്തിലാണ് ഇന്ന് വ്ളാഡിമിർ പുടിന്റെ അടുത്ത വൃത്തങ്ങൾ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. യുദ്ധം നീണ്ടുപോകുന്നതോടെ റഷ്യൻ നേതാക്കളുടെ മനസ്സിൽ അരക്ഷിതാവസ്ഥ മുളപൊട്ടിയതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവർക്കും പരസ്പരം സംശയമാണ്. ഏതുനിമിഷവും ആരും ആരേയും ചതിച്ചേക്കാമെന്ന ആശങ്കയും. 2000-ൽ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് പുടിൻ ഇത്തരത്തിലൊരു വെല്ലുവിളി നേരിടുന്നത്.

യുക്രെയിൻ യുദ്ധം റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു സർവ്വനാശത്തിലേക്കുള്ള വഴിയായി മാറിയിരിക്കുകയാണ്. ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന കാര്യത്തിൽ അധികാര കസേരകളിൽ ഉള്ള എല്ലാവരും പരസ്പരം പഴി ചാരുകയാണ്. ഏത് സമയത്തും ആരും ഒരു യുദ്ധക്കുറ്റവാളിയെന്നോ, ചതിയനെന്നോ മുദ്രകുത്തപ്പെടാം എന്ന സ്ഥിതിവിശേഷമാണിപ്പോൾ ഉള്ളത്. അവിശ്വാസ്യതയുടെ അന്തരീക്ഷമാണ് ഇന്ന് ക്രെംലിനിനെ അധികാര ഇടനാഴികളിൽ തങ്ങിനിൽക്കുന്നത്.

കെ. ജി. ബിയുടെ പിൻഗാമികളായ, റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ് എസ് ബിക്കെതിരെ ആരോപണത്തിന്റെ വിരൽ ചൂണ്ടുന്നവരുണ്ട്. അവർ നൽകിയ തെറ്റായ വിവരങ്ങളായിരുന്നു യുദ്ധം ആരംഭിക്കാൻ ഉണ്ടായ കാരണം എന്നാണ് വിമർശകർ പറയുന്നത്. എഫ് എസ് ബിയുടെ തലപ്പത്ത് ഇരിക്കുന്നവരെല്ലാം തന്നെ കറകളഞ്ഞ അവസരവാദികളാണെന്ന അഭിപ്രായം പണ്ടേ ഉണ്ടായിരുന്നതാണ്. ദേശസ്നേഹം കൊണ്ട്, ദേശത്തെ രക്ഷിക്കാനൊന്നുമായിരുന്നില്ല അവർ യുദ്ധ സാഹചര്യമൊരുക്കുന്ന റിപ്പോർട്ടുകൾ നൽകിയത് എന്നാണ് ഇപ്പോഴുയരുന്ന സംസാരം. പുടിൻ എന്ന മനുഷ്യന്റെ പ്രീതി പിടിച്ചുപറ്റാൻ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നൽകുകയയായിരുന്നത്രെ.

പുടിന്റെ മറ്റ് അനുയായികളെ പോലെ ഇവരുടെയും അന്തിമമായ ലക്ഷ്യം പണമുണ്ടാക്കുക എന്നതു മാത്രമാണ്. ഇങ്ങനെയുണ്ടാക്കുന്ന പണം ലണ്ടനിലും മറ്റു പാശ്ചാത്യ നഗരങ്ങളിലും നിക്ഷേപിക്കും. അതുപോലെ അവരുടെ കുട്ടികളെ പാശ്ചാത്യ വിദ്യാലയങ്ങളിൽ അയച്ച് പഠിപ്പിക്കും. ഇതിനെല്ലാം കൂച്ചുവിലങ്ങിടുന്ന ഒരു ഏർപ്പാടായിപ്പോയി പാശ്ചാത്യ ശക്തികൾ പ്രഖ്യാപിച്ച ഉപരോധം. ഇത് എഫ് എസ് ബിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെ പുടിന്റെ പല അനുയായികളേയും വിഷമത്തിലാക്കിയിട്ടുണ്ട്. യൂറോപ്പ്യൻ മണ്ണിൽ ഒരു ഉത്തരകൊറിയയായി ഒറ്റപ്പെട്ട് നിൽക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. റഷ്യൻ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള നവ സമ്പന്ന വർഗ്ഗമായ റഷ്യൻ ഒളിഗാക്കർമാരും ഇതേ ചിന്താഗതിക്കാരാണ്.

എന്നാൽ, എഫ് എസ് ബി ഒറ്റയ്ക്ക് പുടിനെതിരെ ഒരു അട്ടിമറിക്ക് ശ്രമം നടത്താൻ സാധ്യതയില്ല. റഷ്യയിൽ ഭരണമാറ്റം വന്നപ്പോഴൊക്കെ രഹസ്യാന്വേഷണവിഭാഗവും സൈന്യവും രാഷ്ട്രീയ നേതൃത്വവുമൊക്കെ ഒരുപോലെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടായിരുന്നു. അത്തരമൊരു നീക്കമായിരുന്നല്ലോ 1991-ൽ സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യത്തെ ഇല്ലാതാക്കിയതും. അതുകൊണ്ട് തന്നെ ഈ മൂന്ന് വിഭാഗങ്ങളിലും തന്റെ അപ്രമാദിത്തമുറപ്പിക്കാൻ ശ്രമിക്കുകയാണ് പുടിൻ.

ആദ്യ ഇര എഫ് എസ് ബിയുടെ വിദേശവിഭാഗത്തിന്റെ തലവനായിരുന്ന കേണൽ ജനറൽ സെർജി ബെസേഡയായിരുന്നു. വിദേശ ഉദ്യോഗസ്ഥരേയും മറ്റും കൈക്കൂലി നൽകി സ്വപക്ഷത്താക്കാനായി നീക്കു വച്ചിരുന്ന ഫണ്ടിൽ തിരിമറി കാട്ടി എന്നാരോപിച്ച് ഇയാളെ രണ്ടാഴ്‌ച്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഇയാളുടെ ഡെപ്യുട്ടിയായിരുന്ന അനറ്റൊളി ബോല്യൂക്കും അറസ്റ്റിലായി. എന്നാൽ, ഈ അറസ്റ്റിനു പുറകിലെ യഥാർത്ഥ കാരണം, യുക്രെയിൻ ജനത ഒരു അധികാര മാറ്റത്തിനു കാത്തിരിക്കുകയാണെന്നും, റഷ്യ് ഇടപെട്ടാൽ ജനങ്ങൾ പൂർണ്ണമനസ്സോടെ സഹകരിക്കും എന്ന തെറ്റായ റിപ്പോർട്ട് പുടിന് നൽകിയതാണ് എന്നതാണ് അധികാരത്തിന്റെ ഇടനാഴികളിലെ സംസാരം.

പിന്നെ പിടിയിലാകുന്നത് നാഷണൽ ഗാർഡിന്റെ തലവൻ റൊമ്മൻ ഗാവ്രിലോവയിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങൾ പാശ്ചാത്യ രാജ്യങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നാണ് ഇയാൾക്ക് എതിരെയുള്ള ആരോപണം. എന്നാൽ, അതല്ല യഥാർത്ഥ കാരണം എന്നാണ് പുടിനുമായി അടുപ്പമുള്ളവർ പറയുന്നത്. സാധാരണയായി, റഷ്യയിൽ ഉയരുന്ന കലാപ ശ്രമങ്ങൾ അടിച്ചൊതുക്കുക എന്ന നിലയിൽ ഒരു ആഭ്യന്തര സേനയായ നാഷണൽ ഗാർഡ്സിലെ സൈനികർ ഇപ്പോൾ യുക്രെയിനിൽ യുദ്ധത്തിലാണ്. ഈ സേനയിലെ പലരും യുക്രെയിനിലെ യുദ്ധമുന്നണിൽ റഷ്യൻ സേനക്കെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. ഇതാണ് ഈ സേനാധിപന് നേരെ പുടിന്റെ രോഷം ഉയരാൻ കാരണം.

ഗാവ്രിലോവിന്റെ അറസ്റ്റോടെ യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് മൂലയ്ക്ക് ഒതുക്കപ്പെട്ട മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതയി. രാഷ്ട്രീയ നേതൃത്വവും പിടിന്റെ കോപത്തിന് ഇരയാവുകയാണ്. പുടിന്റെ കടുത്ത അനുയായികൾ ആയിരുന്നവരുൾപ്പടെ ചിലരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ 12 ദിവസമായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ഹൃദ്രോഗ സംബന്ധമായ ചികിത്സയിലാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, ഇത് വെറും വ്യാജ പ്രചരണമാണെന്നാണ് സെർജി ഷോയ്ഗുമായി അടുത്തവർ പറയുന്നത്. ഷെർജിയുടെ ഇളയമകൾ സെനിയ, തന്റെ മകൾക്കൊപ്പം യുക്രെയിൻ പതാകയുടെ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സെർജി പൊതുവേദികളിൽ നിന്നും അപ്രത്യക്ഷനാകുന്നത് എന്ന് ഇവർ പറയുന്നു. ഒരുപക്ഷെ പുടിന്റെ ഉയർച്ചക്ക് തന്നെ കാരണമായ മുതിർന്ന രാഷ്ട്രീയ നേതാവ് അനറ്റൊളി ചബൈസ് ആണ് ഇപ്പോൾ പുടിൻ ക്യാമ്പിൽ നിന്നും പുറത്തുപോയ മറ്റൊരു വ്യക്തി.

നിരവധി പുരസ്‌കാരങ്ങളും മറ്റും നൽകി ഒരുകാലത്ത് പുടിൻ ആദരിച്ച് ഇയാൾ ഇപ്പോൾ യുദ്ധത്തിനെതിരെ കടുത്ത നിലപാട് എടുക്കുകയും തുർക്കിയിലേക്ക് കടക്കുകയും ചെയ്തിരിക്കുകയാണ്. സോവ്യറ്റ് യൂണിയന്റെ പതനശേഷം ഇത്രയധികം ഭീതിജനകമായ ഒരു അന്തരീക്ഷം ക്രെംലിനിൽ ഉണ്ടായിട്ടില്ല. മാത്രമല്ല, ഏതൊരു കാര്യത്തിലും ഇപ്പോൾ നിലനിൽക്കുന്നത് അനിശ്ചിതാവസ്ഥ മാത്രം.

ഭരണ സിരാകേന്ദ്രങ്ങളിൽ ഇരിക്കുന്നവർ പരസ്പരം സംശയത്തോടെയും ഭീതിയോടെയും കാലം കഴിക്കുമ്പോൾ റഷ്യയുടെ കേന്ദ്രബാങ്ക് ഹാക്ക് ചെയ്തതായി ചില അജ്ഞാതർ അറിയിച്ചു. പല രഹസ്യ ഇടപാടുകളുടേതടക്കം 35,000 ഫയലുകൾ 42 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്നാണ് അവർ ഭീഷണി മുഴക്കുന്നത്. ട്വീറ്ററിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

റൂബിൾ എന്ന റഷ്യൻ കറൻസിയെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതുമായ ബാദ്ധ്യതയുള്ള സ്ഥാപനമാണ് റഷ്യൻ സെൻട്രൽ ബാങ്ക്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ റൂബിളിന്റെ വില കൂപ്പുകുത്തിയപ്പോൾ ഈ ബാങ്കിന്റെ മേധാവിയുടെ ഭാവിയും തുലാസ്സിലാടുകായാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.