ഇടുക്കി: ആനത്താരയിലൂടെ എത്തിയ ട്രാക്ടർ അമ്പത് അടി താഴ്ചയിലേക്ക് തട്ടിത്തെറിപ്പിച്ച് പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പിൽ പടയപ്പ എത്തിയത്.

ആനത്താരയിലൂടെ എത്തിയ ട്രാക്ടർ തടഞ്ഞുനിർത്തിയതോടെ ഡ്രൈവർ സെൽവവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു.

50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികൾ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗൺ സമയത്ത് മൂന്നാർ ടൗണിൽ എത്തിയ കാട്ടാന വർഷങ്ങൾ പിന്നിട്ടെങ്കിലും ഉൾക്കാട്ടിലേക്ക് പോകാൻ തയ്യറായിട്ടില്ല.

ആദ്യകാലങ്ങളിൽ ട്രാക്ടർ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയിൽ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാദിക്യം മൂലം കാട്ടിൽ പോയി ആഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ ജനവാസമേഖലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്.