- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്കുകൾ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: സംഘടിത ജനവിഭാഗങ്ങളും സംഘടനകളും രാഷ്ട്രീയ നേട്ടങ്ങൾക്കും നിലനിൽപ്പിനുമായി രാജ്യം സ്തംഭിപ്പിക്കുവാൻ ആഹ്വാനം ചെയ്തുനടത്തുന്ന പണിമുടക്കുകൾ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ജനങ്ങൾ കഷ്ടപ്പെടുന്ന സന്ദർഭത്തിൽ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന സർവ്വീസ് സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജനദ്രോഹമാണ്. കടക്കെണിയും സാമ്പത്തിക തകർച്ചയുംമൂലം തകർന്നിരിക്കുന്ന ശ്രീലങ്കൻജനതയുടെ ദുഃഖദുരിതജീവിതം ഈ നാട്ടിലും ആവർത്തിക്കാൻ ഇത്തരം ജനവിരുദ്ധ സമരമാർഗ്ഗങ്ങൾ ഇടനൽകും.
ഏതു പണിമുടക്കിനെയും പിന്തുണയ്ക്കുന്ന സാക്ഷരകേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതൃത്വങ്ങളുടെ അധഃപതനം ലജ്ജാകരമാണ്. പണി ലഭിക്കാതെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന, കടക്കെണിയിൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിൽ പണിമുടക്കിയുള്ള രാഷ്ട്രീയ അടിമത്വം അവസാനിപ്പിക്കണം. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ പണിമുടക്കിയുള്ള പ്രാകൃതമായ പ്രതിഷേധസമരമല്ല പണിയെടുത്തുള്ള ജനകീയ പ്രതികരണമാണ് വേണ്ടത്.
അസംഘടിത കർഷകർ പണിമുടക്കിയാൽ കർഷകന് വരുമാന നഷ്ടമുണ്ടാവുക മാത്രമല്ല രാജ്യത്ത് പട്ടിണി മരണവുമുണ്ടാകും. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന രണ്ടു ദിവസത്തെ പണിമുടക്ക് മുദ്രാവാക്യം അന്വർത്ഥമാക്കേണ്ടത് 48 മണിക്കൂർ അധികം പണിയെടുത്താണ്. രാജ്യത്തെ രക്ഷിക്കാനായി പണിമുടക്ക് നടത്തി സർക്കാർ ശമ്പളം പറ്റുന്നവർ തങ്ങളുടെ പണി ഉപേക്ഷിക്കുവാൻ തയ്യാറാകുമോ? വീട്ടിലിരുന്ന് ശമ്പളം വാങ്ങി പണിയെടുക്കുന്ന ഇത്തരം സമരാഭാസങ്ങൾക്ക് അവസാനമുണ്ടാകുവാൻ പൊതുസമൂഹം ഉണരണമെന്നും രാജ്യം നിശ്ചലമാക്കാനുള്ള സംഘടിത ട്രേഡ് യൂണിയനുകളുടെ ആഹ്വാനം സമൂഹം തള്ളിക്കളയണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.