- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ഐ ടി ഭീമനായ ഇൻഫോസിസ് റഷ്യയിൽ പ്രവർത്തിച്ചാൽ ബ്രിട്ടന് എന്തു ചേതം? റഷ്യൻ ബഹിഷ്കരണത്തിൽ ഇൻഫോസിസ് പങ്കെടുക്കാത്തത് വിനയാകുന്നത് ബ്രിട്ടീഷ് ചാൻസലറുടെ ഭാര്യയ്ക്ക്; നാരായണമൂർത്തിയുടെ മകൾ ഇൻഫോസിസിൽ നിന്നും വാങ്ങുന്ന ഡിവിഡന്റ് വിവാദമാകുമ്പോൾ
യുക്രെയിൻ ആക്രമണത്തെ തുടർന്ന് ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഉപരോധങ്ങൾ ഏർപ്പെടുത്താനായി മുൻകൈ എടുത്തത് ബ്രിട്ടനായിരുന്നു. മാത്രമല്ല, ഉപരോധങ്ങൾ ഇനിയും കടുപ്പിക്കണമെന്ന അഭിപ്രായവും ബ്രിട്ടനുണ്ട്. അതിന്റെ പേരിലായിരുന്നു, ബോറിസ് ജോൺസനാണ് റഷ്യയുടെ പ്രഥമ ശത്രു എന്ന് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞതും.
റഷ്യയിലെ നവസമ്പന്ന വർഗ്ഗമായ ഒളിഗാർക്ക്മാർക്കെതിരെ പോലും കർശന നടപടികൾ സ്വീകരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ, അത്തരമൊരു സന്ദർഭത്തിലാണ് ചാൻസലർ ഋഷി സുനാകിന്റെ പത്നിയുടെ സ്വത്ത് സംബന്ധിച്ച് വിവാദമുയരുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ പുത്രിയാണ് ഋഷി സുനാകിന്റെ പത്നിയായ അക്ഷത മൂർത്തി. നാരായണ മൂർത്തി സ്ഥാപിച്ച ഇൻഫോസിസിൽ ഇവർക്ക് ഓഹരികളുമുണ്ട്. അത്തരത്തിൽ ഇപ്പോഴും റഷ്യയിൽ പ്രവർത്തിക്കുന്ന ഇൻഫോസിസിന്റെ ഒരു കമ്പനിയിൽ നിന്നും അക്ഷതയ്ക്ക് ലക്ഷക്കണക്കിന് പൗണ്ട് ലാഭ വിഹിതം ലഭിച്ചതായി ചില വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇത് വിവാദമായത്.
പി ഡബ്ല്യു സി, കെ. പി, എം. ജി, അസെഞ്ചർ, തുടങ്ങിയ പല ഐടി ഭീമന്മാരും യുക്രെയിൻ അധിനിവേശത്തിനു ശേഷം റഷ്യയിലെ ഇടപാടുകൾ അവസാനിപ്പിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചു തന്നെയായിരുന്നു ഇവർ പിന്മാറിയത്. എന്നാൽ, ഇൻഫോസിസ് ഇപ്പോഴും മോസ്‌കോയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനിയിൽ നിന്നും കഴിഞ്ഞ വർഷത്തെ ലാഭ വിഹിതമായി 11.7 മില്യൺ പൗണ്ട് അക്ഷതയ്ക്ക് ലഭിച്ചു എന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഇൻഫോസിസിന്റെ ഏറ്റവും അവസാനത്തെ സാമ്പത്തിക കണക്കുകളിൽ ഇത് കൃത്യമായി കാണിച്ചിട്ടുമുണ്ട്. യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിന് ഒരു മാസം മുൻപാണ് ഇത് ലഭിച്ചതെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്. 2009-ൽ ഋഷി സുനാകിനെ വിവാഹം കഴിച്ച അക്ഷതാ മൂർത്തി ബ്രിട്ടനിലെ അതിസമ്പന്നയായ വനിതകളിൽ ഒരാളാണ്. ബ്രിട്ടീഷ് രാജ്ഞിയേക്കാൾ ഏറെ സമ്പത്ത് ഇവർക്കുണ്ട് എന്നാണ് ചില കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഭാര്യയുടെ ഇൻഫോസിസ് ബന്ധം മനസ്സിൽ വെച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സ്‌കൈ ന്യുസിലെ അവതാരകൻ ഋഷിയെ കുഴയ്ക്കുന്ന ചോദ്യം ചോദിച്ചത്. താങ്കൾ മറ്റുള്ളവർക്ക് നൽകുന്ന ഉപദേശം സ്വന്തം വീട്ടിൽ നൽകാത്തതെന്ത് എന്നായിരുന്നു ആ ചോദ്യം. റഷ്യൻ കമ്പനികൾ റഷ്യയുമായുള്ള ബന്ധ്ം വിച്ഛേദിക്കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഋഷി. അതുകൊണ്ടു കൂടിയായിരുന്നു ഈ ചോദ്യം.
തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ താൻ ഇവിടെ വന്നിരിക്കുന്നത് തന്റെ പ്രവർത്തികൾക്കുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് അതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനായിരുന്നു എന്നായിരുന്നു സുനാകിന്റെ മറുപടി. തന്റെ ഭാര്യയുടെ പ്രവർത്തനങ്ങളെ പൊതുയിടങ്ങളിൽ താൻ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഓരോ കമ്പനിക്കും റഷ്യയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ ആഹ്വാനം ചെയ്തതല്ലാതെ ഒരു നിർബന്ധ ബുദ്ധിയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ഇക്കാര്യം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്നിയുടെ ഓഹരികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഋഷി ഉത്തരം നൽകണമെന്ന് ലേബർപാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പുടിൻ ഒരു അക്രമിയാണെന്നും അതുപൊലെ തന്നെ കണക്കാക്കണമെന്നും ഒരു ലേബർ നേതാവ് പറഞ്ഞു. അതല്ലാതെ പണം ലഭിക്കുവാനായി പുടിന്റെ പ്ര്വർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കാതിരിക്കരുതെന്നു ആ നേതാവ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ