സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അപലപനീയയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, പൊതുഗതാഗതം ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യം വയ്ക്കുന്ന സ്വപ്ന പദ്ധതിയാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർദ്ധ അതിവേഗ തീവണ്ടിപ്പാത. നിർമ്മാണ സമയത്ത് അരലക്ഷം പേർക്കും, പ്രവർത്തന സജ്ജമാകുമ്പോൾ പതിനായിരങ്ങൾക്കും ഈ പദ്ധതി വഴി തൊഴിലവസരം ലഭിക്കും. കേരളത്തെ ഒരു ജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തനപ്പെടുത്താൻ അനിവാര്യമായ ഒന്നാണ് സിൽവർ ലൈൻ പദ്ധതി. അതുകൊണ്ടുതന്നെ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിനുള്ള പരിഹാരത്തിന്റെ അടിസ്ഥാനശില കൂടിയായ പദ്ധതി കേരളത്തിലെ വരും തലമുറയെ സംബന്ധിച്ച് അത്രമേൽ പ്രാധാന്യമുള്ളതാണ്.

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ രാഷ്ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും തെറ്റായ പ്രചാരണങ്ങൾ നടത്തി പ്രതിപക്ഷം എതിർക്കുകയാണ്. ഇപ്പോൾ നടക്കുന്ന കല്ലിടൽ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപാഹ്വാനം നടത്തുകയാണ് കോൺഗ്രസ്- ബിജെപി കൂട്ടുമുന്നണി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും ദേശീയപാതാ വികസനവും ഏറ്റെടുത്ത് സർക്കാർ മുന്നോട്ടുപോയപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ്- ബിജെപി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള കൂട്ട് മുന്നണി ശ്രമിച്ചിരുന്നു.

സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതാണ് സിൽവർ ലൈൻ പദ്ധതി. പുതിയൊരു കേരളം സാധ്യമാക്കുന്ന തരത്തിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സിൽവർ ലൈൻ നടന്നാൽ അത് കേരളത്തിലെ കോൺഗ്രസിനെയും ബിജെപിയെയും രാഷ്ട്രീയമായി ദുർബലപ്പെടുത്തുമെന്ന ഭയമാണ് പദ്ധതിയെ എതിർക്കാനുള്ള പ്രധാന കാരണം. സങ്കുചിതമായ രാഷ്ട്രീയ വിരോധം കൊണ്ടും വികലമായ വികസന സമീപനം കൊണ്ടും സിൽവർലൈൻ പദ്ധതിയെ മുടക്കാൻ ആരെയും അനുവദിക്കരുത്. പ്രതിപക്ഷ കൂട്ട് മുന്നണിയുടെ പൊള്ളയായ വാദങ്ങളെ തുറന്നുകാട്ടുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ ഗൃഹസന്ദർശനം നടത്തും. അതോടൊപ്പം സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന അഞ്ഞൂറ് കേന്ദ്രങ്ങളിൽ ജനസഭയും സംഘടിപ്പിക്കും.