കാലിഫോർണിയ: ടെക് കമ്പനിയായ എച്ച്പിയിൽ നിന്ന് ജീവനക്കാരിയായിരിക്കെ യുവതി തട്ടിയെടുത്തത് ഏകദേശം 5 മില്യൺ ഡോളർ (38 കോടിയിലധികം രൂപ). ഈ തുക ഉപയോഗിച്ച് ആഡംബര കാറുകളും ആഭരണങ്ങളും വാച്ചുകളും വാങ്ങിയെന്നും ജീവനക്കാരി ഫെഡറൽ പ്രോസിക്യൂട്ടർമാരോട് വെളിപ്പെടുത്തി. ഷെൽബി സെറ്റോ എന്ന 30കാരിയാണ് കള്ളപ്പണം വെളുപ്പിച്ച് സ്വന്തം കമ്പനിയെ വഞ്ചിച്ചത്.

സെറ്റോ 161 ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങിയതായും അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ക്ലോവർ ആകൃതിയിലുള്ള 7 നെക്ലേസുകൾ, പെൻഡന്റുകളോടു കൂടിയ 6 സ്വർണ്ണ നെക്ലേസുകൾ, 26 ജോഡി കമ്മലുകൾ എന്നിങ്ങനെ നിരവധി ഇനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

പേപാൽ, സ്ട്രൈപ്പ്, സ്‌ക്വയർ എന്നിവ ഉപയോഗിച്ചാണ് സെറ്റോ വ്യാജ വ്യാപാരി അക്കൗണ്ടുകൾ ഉണ്ടാക്കിയത്. പിന്നീട് അത് അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വ്യാജ അക്കൗണ്ടുകളിലേക്കും സെറ്റോ പേയ്‌മെന്റുകൾ നടത്തി. എച്ച്പിയുടെ മുൻ ഫിനാൻസ് പ്ലാനിങ് മാനേജരും ഇതിലേക്ക് വ്യാജ ഇൻവോയ്‌സുകൾ അപ്ലോഡ് ചെയ്തിരുന്നു. സെറ്റോയ്ക്കുള്ള ശിക്ഷ ജൂലൈയിൽ പ്രഖ്യാപിക്കും. കള്ളപ്പണം വെളുപ്പിച്ചതിന് പത്ത് വർഷം തടവും 2,50,000 ഡോളർ (1.9 കോടി രൂപ) പിഴയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബുധനാഴ്ച കാലിഫോർണിയയിലെ വടക്കൻ ജില്ലയിലെ യുഎസ് അറ്റോർണികൾ പങ്കുവെച്ച ഒരു പ്രസ്താവന പ്രകാരം, 2017 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ കമ്പനിയിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റും ഫിനാൻസ് പ്ലാനിങ് മാനേജരുമായി സെറ്റോ ജോലി ചെയ്തിട്ടുണ്ട്. എച്ച്പി വെണ്ടർമാർക്ക് പേയ്‌മെന്റുകൾ നടത്തുന്നത് സെറ്റോ ആയിരുന്നു. കൂടാതെ എച്ച്പിയുടെ പേരിൽ പേയ്‌മെന്റുകൾ നടത്തുന്നതിന് ഒന്നിലധികം എച്ച്പി കൊമേഷ്യൽ ക്രെഡിറ്റ് കാർഡുകളും സെറ്റോ നൽകിയിട്ടുണ്ട്.

കമ്പനിയുടെ നയങ്ങൾക്കനുസൃതമായി ആവശ്യമായ പേയ്‌മെന്റുകൾ നടത്തുന്നതിന് പകരം, സെറ്റോ കമ്പനിയെ കബളിപ്പിക്കുകയായിരുന്നു. തന്റെ നിയന്ത്രണത്തിലുള്ള നിരവധി സ്‌ക്വയർ, പേപാൽ, സ്‌ട്രൈപ്പ് മർച്ചന്റ് അക്കൗണ്ടുകളിലേക്ക് തന്റെ എച്ച്പി ക്രെഡിറ്റ് കാർഡുകളിൽ നിന്ന് ഏകദേശം 4.8 മില്യൺ ഡോളർ അനധികൃത പേയ്‌മെന്റുകളായി കൈമാറ്റം ചെയ്തുകൊണ്ട് സെറ്റോ ഒരു പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ടെസ്ല സെഡാൻ, പോർഷെ എന്നിവ പോലുള്ള ആഡംബര വാഹനങ്ങൾ വാങ്ങാനാണ് സെറ്റോ ഈ പണം ഉപയോഗിച്ചത്. ഡിയോർ, ഹെർമ്‌സ്, ചാനൽ എന്നീ ബ്രാൻഡുകളുടെ നിരവധി ഹാൻഡ്ബാഗുകളും പഴ്സുകളും, റോളക്സ്, ബൾഗാരി, ഔഡെമർസ് പിഗ്വെറ്റ്, കാർട്ടിയർ തുടങ്ങിയ ആഡംബര ബ്രാൻഡുകളിൽ നിന്നുള്ള നെക്ലേസുകൾ, മോതിരങ്ങളും പെൻഡന്റുകളും വാച്ചുകളും ഉൾപ്പെടെയുള്ള ഒരു ശേഖരം തന്നെ സെറ്റോ സ്വന്തമാക്കിയിട്ടുണ്ട്.