ദുബായ്: കോവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. ഏപ്രിൽ ഒന്നു മുതലാണ് എമിറേറ്റ്സിന്റെ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകളാണ് ആകെ നടത്തുക.

കൊച്ചിയിലേക്ക് ആഴ്ചയിൽ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സർവീസുകളും ഇതിൽ ഉൾപ്പെടും. മുംബൈ-35, ന്യൂഡൽഹി-28, ബെംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊൽക്കത്ത-11, അഹമ്മദാബാദ്-9 എന്നിങ്ങനെയാണ് മറ്റ് സർവീസുകൾ. എയർ ബബിൾ കരാർ ഞായറാഴ്ച അവസാനിക്കും.

ഇതോടെ വിമാന സർവീസുകൾ പഴയപടിയാകും. അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ മാർച്ച് 27ന് അവസാനിക്കാനിരിക്കെയാണ് വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനി അറിയിച്ചത്.

കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസും മാർച്ച് 28 മുതൽ പുനരാരംഭിക്കും. എല്ലാ ദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 6.35ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാർജയിലെത്തും.