പട്‌ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ താണു വണങ്ങിയതിനെ ചൊല്ലി ബിഹാറിൽ വിവാദം കത്തുന്നു. നിതീഷ് കുമാർ ഫലത്തിൽ മോദിയുടെ കാലു പിടിച്ചെന്നു ആർജെഡി നേതാവ് റാബ്‌റി ദേവി പരിഹസിച്ചു.

കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി അധികാരം പങ്കിടുന്നതിന്റെ സമ്മർദമാകാം നിതീഷിന്റെ അതിവിനയത്തിനു കാരണമെന്നും റാബ്‌റി കളിയാക്കി. നിതീഷ് കുമാർ മോദിയെ താണു വണങ്ങുന്ന വീഡിയോയും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആർജെഡി സമൂഹ മാധ്യമ വിഭാഗവും ഇത് ആഘോഷമാക്കി. എൻഡിഎയിൽ നിന്നു തെറ്റിപ്പിരിഞ്ഞ് ആർജെഡി സഖ്യത്തിലായിരുന്ന കാലത്തെ നിതീഷിന്റെ പ്രസംഗത്തിന്റെ ഓഡിയോയും താണു വണങ്ങുന്ന വിഡിയോയും മിക്‌സ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തു. മരിച്ചു മണ്ണടിഞ്ഞാലും ബിജെപിയുമായി ഇനി സഖ്യമില്ലെന്ന നിതീഷിന്റെ പ്രഖ്യാപനമാണു പശ്ചാത്തല ഓഡിയോ

കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്‌നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

403 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 255 സീറ്റുകളും 41.29 ശതമാനം വോട്ടും നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയത്. പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച യോഗി ആദിത്യനാഥ് 37 വർഷത്തിനിടെ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യമുഖ്യമന്ത്രി എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.