കൽപറ്റ: യാത്രക്കാരുടെ ജീവനു വരെ ഭീഷണിയുയർത്തി നടുറോഡിലും കാട്ടുമൃഗങ്ങൾ വിഹരിക്കുന്നതു തുടർക്കഥയായ സാഹചര്യമാണു വയനാട്ടിൽ. കൂരിരുട്ടിൽനിന്നു വാഹനത്തിനു നേരെ പാഞ്ഞടുത്ത ഒറ്റയാന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്കു രക്ഷപപെട്ടതിന്റെ ആശ്വാസത്തിലാണ് തിരുനെല്ലി അപ്പപ്പാറ സ്വദേശി പി.ടി. നിധീഷും അയൽവാസികളും. ഒറ്റയാന്റെ കൂർത്ത കൊമ്പുകളിൽനിന്നു ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്ന് കാർ യാത്രികർ പറയുന്നു.

ശനിയാഴ്ച നാഗമനയിൽനിന്നു അപ്പപ്പാറയിലേക്കു പുറപ്പെട്ട തിരുനെല്ലി അപ്പപ്പാറ സ്വദേശി പി.ടി. നിധീഷും അയൽവാസികളും രാത്രി പത്തരയോടെയാണ് ഒറ്റയാന്റെ മുന്നിലകപ്പെട്ടത്. അയൽവാസികളായ രണ്ടു കുട്ടികളും വാഹനത്തിലുണ്ടായിരുന്നു.

നാഗമനയിൽ ഒരു ചടങ്ങു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു സംഘം. അപ്പപ്പാറ ജംക്ഷനിലെത്താറായപ്പോൾ ആക്കൊല്ലിക്കുന്ന് കോളനിയുടെ സമീപത്ത് ഇരുട്ടിൽനിന്ന് ഒറ്റയാൻ പ്രത്യക്ഷപ്പെട്ടു. പിന്നീടുള്ള ദൃശ്യങ്ങളെല്ലാം കാറിന്റെ മുൻവശത്തു ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞു.

ഇടുങ്ങിയ വഴിയുടെ ഒത്ത നടുക്കാണ് ആന നിന്നത്. മറ്റെങ്ങോട്ടും തിരിച്ചുപോകാനാകില്ല. കൂർത്ത കൊമ്പുകളുമായി കാറിനു മുന്നിലേക്കു പാഞ്ഞടുത്ത ഒറ്റയാൻ കാറിന്റെ വെളിച്ചം കണ്ടു നിൽക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ കാണാം.

എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയെന്ന് നിധീഷ് പറയുന്നു. ആന അടുത്തടുത്തു വരുന്തോറും കുട്ടികൾ കരയാൻ തുടങ്ങി. ആശ്വാസവാക്കുകൾ കൊണ്ടൊന്നും ഫലമുണ്ടായില്ല. പിന്തിരിയാൻ ശ്രമിച്ച ആന കൊമ്പുയർത്തി വീണ്ടും വന്നു. ഇടയ്ക്കു വശത്തെ തോട്ടത്തിലേക്കു കയറിപ്പോകുമെന്നു തോന്നിയെങ്കിലും കാറിന്റെ ശബ്ദം കേട്ട് വീണ്ടും തിരികെ വന്നു.

അനങ്ങാതെ അതേപടി നിൽക്കാൻ തോന്നിച്ചതു ദൈവാധീനമെന്നു നിധീഷ് പറയുന്നു. വീട്ടിലെത്തിയിട്ടും ശ്വാസം നേരെ വീണില്ല. മരണത്തിന്റെ മുൻപിൽനിന്നു തലനാരിഴയ്ക്കു രക്ഷപപെട്ടത് പൂർണമായി വിശ്വസിക്കാൻ ഇപ്പോഴുമായിട്ടില്ല ഈ യുവാവിന്.

എന്തു ചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയായിരുന്നുവെന്ന് നിധീഷ് പറയുന്നു. തിരുനെല്ലി പഞ്ചായത്തിൽ വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. വനംവകുപ്പ് പലയിടത്തും ഫെൻസിങ് ഏർപെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

 ബത്തേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. സഹദേവൻ സ്‌കൂട്ടറിനു മുൻപിലേക്കു പാഞ്ഞടുത്ത കാട്ടുപന്നിയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 8 പേർക്കാണു യാത്രയ്ക്കിടെ കാട്ടുപന്നി ആക്രമിച്ചു വയനാട്ടിൽ പരുക്കേറ്റത്.