തിരുവനന്തപുരം, 28 മാർച്ച് 2022 ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിൽ നിന്നുള്ള കുട്ടികൾ. യു എസ് ടി ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചറിന് കീഴിലുള്ള പീപ്പിൾ എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് യു എസ് ടി യുടെ ഭാഗമായാണ് ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ ക്ഷണിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രൽ പാഴ്സി, എം.ആർ, ഡൗൺ സിൻഡ്രോം, കാഴ്ച - കേൾവി പരിമിതർ എന്നീ വിഭാഗത്തിൽപ്പെട്ട കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു.

രണ്ട് മിനിട്ടുകൾ കൊണ്ട് അഞ്ചു കുട്ടികൾ ചേർന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവർത്തിവച്ചപ്പോൾ യു എസ് ടി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേൾവി പരിമിതരായ കുട്ടികൾ അവതരിപ്പിച്ച ഇന്ദ്രജാലവുമൊക്കെ കരഘോഷത്തോടെയാണ് ജീവനക്കാർ ഹൃദയത്തിലേറ്റിയത്. പരിപാടിയോടനുബന്ധിച്ച് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടും ഇന്ദ്രജാലം അവതരിപ്പിച്ചു.

കുട്ടികൾ യു എസ് ടി ക്യാമ്പസ് ചുറ്റിനടന്നു കണ്ടു. ഉച്ചക്ഷണത്തിനുശേഷം കുട്ടികൾ മടങ്ങി. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ്പ മേനോൻ, വർക്ക് പ്ലെയ്സ് മാനേജ്മെന്റ് ആൻഡ്‌സീ ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്.