ലോസ് ഏഞ്ചൽസ്: തൊണ്ണൂറ്റിനാലാമത് ഓസ്‌കർ പുരസ്‌കാരദാന ചടങ്ങിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പുരസ്‌കാര ചടങ്ങിൽ അവതാരകൻ ക്രിസ് റോക്കിനെ നടൻ വിൽ സ്മിത്ത് മുഖത്തടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഭാര്യ ജെയ്ഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.

തല മൊട്ടയടിച്ചാണ് ജെയ്ഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. ഇതിനെ പരിഹസിച്ചതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.

എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. ക്രിസ് സ്തംഭിച്ചു നിൽക്കവേ തന്നെ മുഖത്തടിച്ച സ്മിത്ത് തിരികെ സ്വന്തം സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് സീറ്റിൽ ഇരുന്നു കൊണ്ട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തിക്കെട്ട വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

ക്രിസ് റോക്ക്, ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ചാണ് പരാമർശം നടത്തിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജെയ്ഡ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായാണ് ജെയ്ഡ യെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തിയത്. ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു.

'അവർക്കിനി ജി.ഐ ജെയ്നിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാം'' എന്നാണ് ജെയ്ഡ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയൻ കൂടിയായ ക്രിസ് റോക്ക് പറഞ്ഞത്. 1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചായിരുന്നു അഭിനയിച്ചത്. വർഷങ്ങളായി ഓട്ടോ ഇമ്യൂൺ ഡിസോർഡറായ അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണ് ജെയ്ഡ

ജെയ്ഡ സ്മിത്ത് തന്റെ രോഗത്തെ കുറിച്ച് മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ' ഒരുദിവസം ഞാൻ കുളിക്കുകയായിരുന്നു. അപ്പോൾ കൈയിലാകെ കൊഴിഞ്ഞ മുടി. എന്റെ ദൈവമേ ഞാൻ കഷണ്ടിയാകാൻ പോവുകയാണോ എന്നായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. എനിക്ക് വല്ലാതെ പേടി തോന്നി. അതുകൊണ്ടാണ് ഞാൻ മുടി മുറിക്കാൻ തീരുമാനിച്ചത്.' താൻ ടർബനുകൾ ധരിക്കാൻ തുടങ്ങിയതിന്റെ കാരണം അതാണെന്ന് ജെയ്ഡ നേരത്തെ പറഞ്ഞിരുന്നു. എന്തായാലും തന്റെ രോഗാവസ്ഥയെ അവർ നന്നായി നേരിട്ടു. ഇപ്പോൾ തന്റെ മുടിയെ കുറിച്ച് അവർക്ക് ആത്മ വിശ്വാസം ഉണ്ട്.

എന്താണ് അലോപേഷ്യ?

ലളിതമായി പറഞ്ഞാൽ ശരീരത്തിൽ നിന്നുള്ള മുടികൊഴിച്ചിൽ. അലോപേഷ്യ ഏരിയേറ്റ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. പലതരത്തിൽ ഉണ്ടാകാം. സാധാരണ കണ്ടുവരുന്നത് ജനിതക കാരണങ്ങളാലാണ്. അനാരോഗ്യകരമായ ജീവിതം നയിക്കുന്നവരിൽ, അതും കാരണമാകാം. ഹോർമോൺ പ്രശ്‌നം കൊണ്ടും വരാം.

ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്നെ ഏതെങ്കിലും ശരീരഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. മുടികൊഴിച്ചിലാണ് ഫലം. എന്നാൽ, ഈ രോഗാവസ്ഥയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല താനും.

അലോപേഷ്യ മുഖ്യമായി അഞ്ചുതരം

അലോപേഷ്യ എരിയേറ്റ: ഓട്ടോ ഇമ്മ്യൂൺ രോഗം. തലയിൽ മുടി കൊഴിഞ്ഞ് കഷണ്ടി പോലെയാകുന്നു.

ആൻഡ്രോജെനിക് അലോപേഷ്യ: പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്നു. മുടി കുറയാനും, കനം കുറയാനും ഇടയാക്കുന്നു.

അലോപേശ്യ ടോടാലിസ്: തലയിലെ മുടി മുഴുവൻ പോകുന്ന അവസ്ഥ

സ്‌കാറിങ് അലോപേഷ്യ: വീക്കമോ പഴുപ്പോ ഉണ്ടായി രോമകൂപങ്ങൾ നശിക്കുന്ന അവസ്ഥ

ട്രാക്ഷൻ അലോപേഷ്യ: മുടിയിൽ നിരന്തരം ഏൽക്കുന്ന സമ്മർദ്ദം മൂലം ഉണ്ടാകുന്ന കൊഴിച്ചിൽ

ചികിത്സ:

പോഷകാഹാര കുറവ്: വിറ്റാമിൻ ഡി, അയൺ,സിങ് എന്നിവയുടെ കുറവ് പരിഹരിക്കണം. തൈറോയിഡ്, പ്രമേഹ പരിശോധനകൾ. അലോപേഷ്യ ഏരിയേറ്റ ആണെങ്കിൽ, മുടി വളരാൻ ഇഞ്ചക്്ഷൻ. അലോപേഷ്യക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ, അത്യാധുനികമായ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മയാണ്.