രുഭൂമിയെ മഞ്ഞുപുതപ്പിക്കുന്ന വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്, മറ്റെന്തിനേക്കാൾ ഏറെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ പുൽകുന്ന സൗദി കിരീടാവകാശി. രാജ്യത്തെ ആദ്യത്തെ സ്‌കി റിസോർട്ട് ഒരുങ്ങുകയാണ് സൗദിയിൽ അതിനോടനുബന്ധിച്ച്, ലോകത്ത് ലഭ്യമായ എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു ഗ്രാമവും വെൽനെസ് റിസോർട്ടും എല്ലാം ഉണ്ടാകും. പ്രതിവർഷം 7 ലക്ഷത്തോളം സന്ദർശകർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന, ഈ പദ്ധതി 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജോർദ്ദാന്റെയും ഈജിപ്തിന്റെയും അതിർത്തികൾക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ടാബൂക്ക് പ്രവിശ്യയിലെ 25,000 ചതുരശ്ര കിലോമീറ്ററിൽ500 ബില്യൺ ഡോളർ ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ട്രോജെന എന്ന ഈ പദ്ധതി വരിക എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. പുതിയത് എന്നർത്ഥം വരുന്നഗ്രീക്ക് വാക്കായ ''നിയോ'' എന്ന വാക്കും ഭാവി എന്നർത്ഥം വരുന്ന അറബിക് വാക്കായ ''മുസ്താഖ്ബൽ'' എന്ന വാക്കും ചേർത്താണ് നിയോം എന്ന് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

വർഷത്തിൽ എല്ലാ സമയത്തും പ്രവർത്തിക്കുന്ന ഒരു സ്‌കി വില്ലേജ്, രണ്ട് മൈൽ വിസ്തീർണ്ണമുള്ള ഒരു കൃത്രിമ തടാകം എന്നിവ ട്രോജെനയിൽ ഉണ്ടായിരിക്കുമെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം മലനിരകൾക്കിടയിലായി കുത്തനെയുള്ള വോൾട്ട് എന്നൊരു ഗ്രാമവും ഇവിടെയുണ്ടാകും. ആധുനിക സാങ്കേതിക വിദ്യയും വിനോദവും എല്ലാം കൂടിക്കലരുന്ന ഒരു അദ്ഭുത പ്രതിഭാസമായിരിക്കും ഇതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

നിയോമിന്റെ മദ്ധ്യ ഭാഗത്തായി അക്കാബ കടൽ തീരത്തുനിന്നും 31 മൈൽ മാറി സൗദിയിലെ ഏറ്റവും ഉയർന്ന കൊടുമുടികൾ ഉള്ള പർവ്വത മേഖലയിലായിരിക്കും ഈ അദ്ഭുതം നഗരം ഉയർന്നു വരിക. മലഞ്ചെരുവുകളിൽ, ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന തരത്തിലുള്ള വീടുകളും ഇവിടെയുണ്ടാകും. സ്‌കീയിങ് മാത്രമായിരിക്കില്ല ഇവിടെയുണ്ടാവുക. മറ്റ് ജലകായിക വിനോദങ്ങൾ മൗണ്ടൻ ബൈക്കിങ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടാകും.

പർവ്വതങ്ങളെ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിന് പുതിയ നിർവ്വചനം നൽകുന്ന ഒന്നായിരിക്കും ട്രൊജെന എന്ന് കഴിഞ്ഞദിവസം ബിൻ സൽമാൻ പറഞ്ഞിരുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള കഠിന ശ്രമങ്ങളോടെ പാരിസ്ഥിതിക വിനോദ സഞ്ചാരം കൂടി ഇവിടെ സാധ്യമാകും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് സൗദിയുടെ ഭാഗത്തുനിന്നുള്ള സംഭാവനയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിച്ചുകൊണ്ടു തന്നെ വരുമാനത്തിന്റെ സ്രോതസ്സുകൾ വിപുലീകരിക്കുന്ന സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും പ്രതിവർഷം 7 ലക്ഷം സന്ദർശകരെങ്കിലും ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുപുറമെ ട്രൊജെനയിലും അടുത്തുള്ള റസിഡൻഷ്യൽ ജില്ലകളിലുമായി ഏകദേശം 7000 സ്ഥിരതാമസക്കാരും ഉണ്ടാകും. മാത്രമല്ല, 2030 ഓടെ 10000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ വരുമാനത്തിൽ 3 ബില്യൺ സൗദി റിയാൽ കൂട്ടിച്ചേർക്കാനും ഇതുവഴി കഴിയും എന്നുംഅധികൃതർ പറയുന്നു.

ഇതിനൊപ്പം സമ്പൂർണ്ണമായും കാർബൺ വിമുക്തമായ ഒരു മരുഭൂമി നഗരം കൂടി സൗദി നിർമ്മിക്കുന്നുണ്ട്. 100 ശതമാനം ഹരിത ഊർജ്ജം ഉപയോഗിച്ചായിരിക്കും ഇവിടെ എല്ലാം പ്രവർത്തിക്കുക. അതിനുപുറമെ നിയോമിൽ പറക്കുന്ന ഡ്രോൺ ടാക്സികൾ, ജുറാസിക് പാർക്ക് രീതിയിലുള്ള, റോബോട്ടിക് ഡിനോസറുകൾ ഉള്ള അമ്യുസ്മെന്റ് പാർക്ക് എന്നിവയും ഉണ്ടാകുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.