ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേർന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു.

എന്നാൽ മേൽനോട്ട സമിതിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേൽനോട്ട സമിതിക്ക് നൽകാനാവില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. എന്നാൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നിവയുൾപ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുന്നതിന് കേരളം അനുകൂലമാണ്.

മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെ കൂടി ഉൾപ്പെടുത്തണമെന്ന് മുല്ലപ്പെരിയാർ സമര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ നിലവിലുള്ള അംഗങ്ങൾ തീരദേശവാസികളുടെ ആശങ്ക മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് സമര സമിതിയുടെ പ്രധാന പരാതി. അതിനാലാണ് ഇക്കഴിഞ്ഞ മഴക്കാലത്ത് അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി വൻതോതിൽ വെള്ളം തുറന്നുവിട്ടത്.

രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടരുതെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിൽ ഒന്നും ചെയ്യാൻ സമിതിക്കായില്ല. അഡീഷണൽ ചീഫ സെക്രട്ടറി വി ജെ കുര്യന് ശേഷം വന്ന കേരളത്തിൽ നിന്നുള്ള അംഗങ്ങൾ സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ വിഴ്ച വരുത്തിയെന്നാണ് സമര സമിതിയുടെ ആരോപണം.

ഷട്ടർ തുറക്കുന്നതിലുൾപ്പെടെ ഇടപെടാൻ കഴിയുന്ന തരത്തിൽ അധികാരമുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷക്ക് പ്രാധാന്യം നൽകണമെന്നുള്ള സുപ്രീംകോടതിയുടെ അഭിപ്രായം പുതിയ അണക്കെട്ട് വേണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന് ബലമേകുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ.