- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രണവും കല്യാണിയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ; 'അവര് കല്യാണം കഴിക്കുമോ' എന്ന് നോക്കേണ്ട കാര്യമെന്താണ്; ന്യൂജനറേഷൻ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമെന്ന് ജോണി ആന്റണി
തിരുവനന്തപുരം: ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് ശ്രദ്ധേയനായിക്കഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനാകുന്ന 'ആറാട്ട്' എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പ്രണവ് മോഹൻലാലായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. തന്റെ സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.
അഭിനയിച്ച സിനിമകളിൽ ഏതെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ''എന്നെ ആരും പിടിച്ചുകെട്ടി കൊണ്ടുപോയി അഭിനയിപ്പിക്കുന്നതല്ലല്ലോ. നമ്മൾ പോയി അഭിനയിച്ചിട്ട്, പിന്നീട് ഇഷ്ടമില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഇഷ്ടമല്ലെങ്കിൽ അത് സഹിക്കുക,'' എന്നാണ് ജോണി ആന്റണി പറഞ്ഞത്.
പ്രണവിനെയുംം കല്യാണിയെയും കാണുമ്പോൾ ഇവർ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനും ജോണി ആന്റണി മറുപടി പറഞ്ഞു.
''പ്രണവും കല്യാണിയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോൾ, 'ഇവര് കല്യാണം കഴിക്കുമോ', എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോൾ, 'ഇവര് കല്യാണം കഴിക്കുമോ' എന്ന് നമുക്ക് തോന്നുമോ. നിങ്ങൾ ന്യൂജനറേഷൻ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,'' ജോണി ആന്റണി പറഞ്ഞു.
ഹൃദയത്തിൽ കല്യാണിയുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്. ഈ കുട്ടികളോടൊപ്പം ജോലി ചെയ്യുന്നത് ഞാനും ആസ്വദിക്കുന്നു. മലയാള സിനിമയിലെ മഹാരഥന്മാരുടെ മക്കൾ അവരെപ്പോലെ അല്ലെങ്കിൽ അവരെക്കാൾ നന്നായി സിനിമ ചെയ്യുന്നതു കാണുമ്പോൾ ഒരു ചലച്ചിത്രപ്രേമി എന്ന നിലയിൽ സന്തോഷമുണ്ട്. പ്രതിഭകൾ വറ്റിപ്പോകുന്നില്ല ഇനിയും നല്ല സിനിമകളും മികച്ച അഭിനയമുഹൂർത്തങ്ങളും ഉണ്ടാകും എന്നൊക്കെയുള്ള പ്രതീക്ഷയാണത്.
വിനീത് കഴിവ് തെളിയിച്ച പ്രതിഭയാണ്. വിനീതിന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ലാലേട്ടന്റെ മകൻ പ്രണവുമായി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണു ജോലി ചെയ്യാൻ കഴിഞ്ഞത്. വളരെ ശാന്തനായ, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള നല്ല പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനാണ് പ്രണവ്. ഒരുപാടു യാത്രകൾ ചെയ്തും പുസ്തകങ്ങൾ വായിച്ചും നേടിയെടുത്ത പ്രണവിന്റെ അനുഭവപരിചയം അഭിനയത്തിലും മുതൽക്കൂട്ടാകും.
അതു നമ്മൾ കുഞ്ഞാലി മരയ്ക്കറിലെ പ്രണവിന്റെ പ്രകടനത്തിൽ നിന്നു മനസ്സിലാക്കിയതാണ്. ഹൃദയത്തിലും ഒരു ചെറുപ്പക്കാരന്റെ കൗമാര കാലം മുതൽ ഒരു കുട്ടിയുടെ അച്ഛനാകുന്ന പ്രായം വരെയുള്ള മുഹൂർത്തങ്ങൾ വളരെ കയ്യടക്കത്തോടെയാണു പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചത്. അച്ഛനെപ്പോലെ തന്നെ മകനും നല്ല മെയ്വഴക്കമുണ്ട്. മലയാള സിനിമയ്ക്കു ഭാവിയിൽ ഒരു മുതൽക്കൂട്ടായിരിക്കും ഈ ചെറുപ്പക്കാരാനെന്നു നൂറു ശതമാനം ഉറപ്പാണ്. അതിനുള്ള പ്രാപ്തി പ്രണവിനുണ്ടെന്നും ജോണി ആന്റണി പറയുന്നു
പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളിൽ പ്രതിഫലം നോക്കി അഭിനയിച്ചിട്ടുണ്ടോ, എന്ന 'ചോദ്യത്തി'ന് മറുപടിയായി ''ഒരു സിനിമ പരാജയപ്പെടുമെന്ന് എങ്ങനെയാണ് ആദ്യമേ പറയാനാകുന്നത്. അങ്ങനെയാണെങ്കിൽ ഈ ലോകത്ത് പരാജയപ്പെടുന്ന സിനിമകൾ ഉണ്ടാകുകയേ ഇല്ലല്ലോ,'' എന്നായിരുന്നു ജോണി ആന്റണി വ്യക്തമായി മറുപടി നൽകിയത്.
സിഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാൻ, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം എന്നിവയാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകൾ.




