വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാരദാന ചടങ്ങിൽ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിന്റെ ചൂടേറിയ ചർച്ചകൾ തുടരുന്നതിനിടെ വൈറലായി ആറ് വർഷം മുമ്പത്തെ ഒരു ട്വീറ്റ്. 2016 ഫെബ്രുവരി 29ന് വന്ന ഈ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. 'വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന് മറ്റ് വഴിയൊന്നുമില്ല' എന്ന് ജേസൺ എന്നയാളാണ് ട്വീറ്റ് ചെയ്തത്.

ഓസ്‌കർ വേദിയിൽ ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരിഹാസം വിൽ സ്മിത്തിനെ ചൊടിപ്പിക്കുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടുപേരും ക്ഷമ ചോദിച്ചെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.



പക്ഷേ ഇതാദ്യമായല്ല ക്രിസ് റോക്ക് ജെയ്ഡയെ പരിഹസിക്കുന്നത്, 2016 ലെ ഓസ്‌കറിൽ സമാനമായ ഒരു സംഭവം അരങ്ങേറി. അന്ന് ജെയ്ഡ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 2016 ലെ ഓസ്‌കർ ജെയ്ഡ ബഹിഷ്‌കരിച്ചിരുന്നു. അഭിനേതാക്കളുടെ നാമനിർദ്ദേശപ്പട്ടികയിൽ വൈവിധ്യമില്ലെന്ന കാരണം പറഞ്ഞായിരുന്നു ജെയ്ഡ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചടങ്ങിൽ അവതാരകനായെത്തിയ ക്രിസ് റോക്ക്, ഇങ്ങനെ പറഞ്ഞു.

''ജെയ്ഡ വരുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോൾ എനിക്ക് തോന്നി, ജെയ്ഡ ടിവി ഷോയിലില്ലേ? ജെയ്ഡ ഓസ്‌കർ ബഹിഷ്‌കരിക്കുകയാണോ? ജെയ്ഡ ഓസ്‌കർ ബഹിഷ്‌കരിക്കുന്നത് ഞാൻ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ്. കാരണം എന്നെ ക്ഷണിച്ചിട്ടില്ല.''

ഇതിന്റെ പശ്ചാത്തലത്തിലാണ് അന്ന് സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ജേസൺ ട്വിറ്ററിൽ കുറിച്ചത്. ജെയ്ഡയ്ക്ക് പിന്നാലെ ക്രിസ് വിൽ സ്മിത്തിനെയും പരിഹസിച്ചു. കൺകഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നാമനിർദ്ദേശം ലഭിക്കാത്തതിനാലാണ് വിൽ സ്മിത്ത് വരാതിരുന്നതെന്ന് ക്രിസ് പറഞ്ഞു.

സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവർത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിൻ 2 ൽ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തിൽ വിൽ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വിൽ സ്മിത്ത് പറഞ്ഞു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.