ജയ്പുർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിലേക്കു തീ പടരുന്നതായാണ് സൂചന. വനമേഖലയിൽ ഉണ്ടായ തീപിടുത്തത്തിൽ 1800 ഫുട്‌ബോൾ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ് കത്തിയമർന്നത്.

24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ കുടൂതൽ സ്ഥലങ്ങളിലേക്കു പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം. തിങ്കളാഴ് വൈകീട്ടോടെ ആരംഭിച്ച കാട്ടുതീയുടെ കാരണം വ്യക്തമല്ല. വ്യോമസേന ഹെലികോപ്റ്ററുകൾക്കൊപ്പം വനപാലകരടക്കം 200 ഓളം പേർ തീ നിയന്ത്രണവിധേയമാക്കാൻ രംഗത്തുണ്ട്.

43 കിലോമീറ്റർ അകലെയുള്ള സിലിസെർ തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വ്യോമസേനാ കോപ്റ്ററുകൾ തീ പടരുന്ന പ്രദേശത്ത് ഒഴിച്ചുകൊണ്ടിരിക്കുന്നത്. തീ അണയ്ക്കുന്നതിന് ശക്തമായ കാറ്റ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. കടുവാസങ്കേതത്തിന് സമീപത്തുള്ള മൂന്ന് ഗ്രാമങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുള്ള എസ്ടി-17 എന്ന കടുവയുടേയും രണ്ടുകുഞ്ഞുങ്ങളുടേയും ആവാസ കേന്ദ്രത്തിലാണ് തീപ്പിടിത്തമെന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. കാട്ടുതീ ഇതുവരെ അണയ്ക്കാൻ സാധിക്കാത്തത് മറ്റുകടുവകളുടെയും ജീവജാലങ്ങളുടേയും ജീവനും ഭീഷണിയിലാഴ്‌ത്തിയിട്ടുണ്ട്. ഏതാണ്ട് 20-ഓളം കടുവകളാണ് സരിസ്‌കാ കടുവസങ്കേതത്തിലുള്ളത്.

എസ്ടി17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും അധികൃതർ പറയുന്നു. വനപാലകരും അഗ്‌നിരക്ഷാ സേനാംഗങ്ങളും അടക്കം 200ൽ അധികം പേർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ഉഷ്ണതരംഗം നിലനിന്നിരുന്നു.

കുന്നുകളും ഇടുങ്ങിയ താഴ്‌വരകളുമുള്ള പ്രദേശമാണ് ആരവല്ലി പർവതനിരകളുടെ ഭാഗമായ സരിസ്‌ക വനപ്രദേശം. പുള്ളിപ്പുലി, കാട്ടുനായ്ക്കൾ, കാട്ടുപൂച്ചകൾ, കഴുതപ്പുലി, കുറുനരികൾ എന്നിവയുൾപ്പെടെ നിരവധി മാംസഭുക്കുകളുടെ ആവാസകേന്ദ്രം കൂടിയാണിത്.

തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകൾക്കു പുറമേ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകളും തീയണയ്ക്കാൻ സ്ഥലത്തുണ്ട്.