ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക അസമത്വമെന്ന് വിലയിരുത്തൽ തള്ളി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഗോള അസമത്വ റിപ്പോർട്ട് പിഴവുള്ളതാണെന്നും അതിന്റെ രീതിശാസ്ത്രം സംശയകരമാണെന്നും നേിർമലാ സീതാരാമൻ പ്രതികരിച്ചു. ദാരിദ്ര്യവും അസമത്വവും നിലനിൽക്കുന്നതുമായ രാജ്യമാണ് ഇന്ത്യയെന്ന 2022-ലെ ലോക അസമത്വ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടാണ് ധനമന്ത്രിയുടെ പ്രസ്താവന.

പാരീസ് ആസ്ഥാനമായ വേൾഡ് ഇൻഇക്വാലിറ്റി ലാബാണ് ലോക അസമത്വ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരാണ് പട്ടികയിൽ രാജ്യങ്ങളുടെ സ്ഥാനം നിർണയിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള വരുമാനത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തിൽ ഇന്ത്യയെ പട്ടികയുടെ പകുതിക്കു താഴെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേർ മൊത്തം സമ്പത്തിന്റെ 76 ശതമാനവും കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021-ലെ ദേശീയ വരുമാനത്തിന്റെ 57 ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അതേസമയം, താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 13 ശതമാനമായി കുറഞ്ഞു. മൊത്തം ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന്റെ പക്കലാണുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

2020-ൽ ഇന്ത്യയിലെ സ്ത്രീകൾക്ക് തൊഴിൽ വരുമാനത്തിന്റെ 18.3% മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് അവരുടെ ലിംഗ അസമത്വ റിപ്പോർട്ടിൽ കാണിക്കുന്നു. ഇത് ബ്രസീൽ പോലുള്ള മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളിലെ സ്ത്രീകൾക്ക് ലഭിച്ചതിന്റെ പകുതിയോളം വിഹിതമാണ്. ബ്രസീലിൽ സത്രീകൾക്ക് ലഭിക്കുന്ന തൊഴിൽ വരുമാനം 38.5 ശതമാനവും ചൈനയിൽ 33.4 ശതമാനവുമാണ്. ആഗോള ശരാശരി 34.70 ശതമാനമാണ്.

റിപ്പോർട്ട് ന്യൂനതകളുള്ളതാണെന്നും റിപ്പോർട്ട് തയ്യാറാക്കിയതിന്റെ രീതിശാസ്ത്രം സംശയകരമാണെന്നും മന്ത്രി പറഞ്ഞു. മുൻ യുപിഎ സർക്കാർ വായ്പാ കുടിശ്ശികവരുത്തിയവരിൽനിന്ന് പണം തിരികെപ്പിടിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പണം രാജ്യത്ത് ആദ്യമായി തിരികെപ്പിടിച്ചത് മോദി സർക്കാരിന്റെ കാലത്താണ്. ഇത്തരത്തിൽ പതിനായിരം കോടിയിലധികം രൂപ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചെന്നും അവർ പറഞ്ഞു.