ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. യുവതിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമ കൂടിയായ അർച്ചന ശർമ്മ(42)യാണ് ആത്മഹത്യചെയ്തത്. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദൗസ അഡീഷണൽ എസ്‌പി ലാൽ ചന്ദ് കയാൽ പറഞ്ഞു.

ഗർഭിണിയുടെ മരണത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഡോക്ടർ ജീവനൊടുക്കിയത്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്നും മരണം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗർഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡോക്ടർക്കെതിരേ ലാൽസോട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.