വാഷിങ്ടൺ: പെൺകുട്ടികൾക്കുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസം താലിബാൻ നിഷേധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ സുപ്രധാന പദ്ധതികൾ മരവിപ്പിച്ച് ലോകബാങ്ക്. 600 മില്യൺ ഡോളറിന്റെ പദ്ധതികളാണ് ലോകബാങ്ക് മരവിപ്പിച്ചത്.

'അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ട്' നൽകുന്ന ഫണ്ട് ഉപയോഗിച്ച് യു.എൻ ഏജൻസികൾക്ക് കീഴിൽ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികളായിരുന്നു ഇത്. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലായിരുന്നു പദ്ധതികൾ നടപ്പിലാക്കേണ്ടിയിരുന്നത്.

എന്നാൽ പെൺകുട്ടികൾക്കുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്ക് പിന്നാലെ, പദ്ധതികളുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കുന്നതായി ബാങ്ക് അറിയിക്കുകയായിരുന്നു.

അഫ്ഗാൻ സർക്കാരിന്റെ നടപടിക്ക് പിന്നാലെ, ഖത്തർ തലസ്ഥാനമായ ദോഹയിൽ താലിബാൻ സർക്കാരിന്റെ പ്രതിനിധികളുമായി നടത്താനിരുന്ന ചർച്ച യു.എസും റദ്ദാക്കിയിരുന്നു.

പ്രധാനമായും സ്ത്രീകളുടെ പെൺകുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ടായിരുന്നു ലോക ബാങ്കിന്റെ നാല് പദ്ധതികൾ. പദ്ധതിയുടെ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് ഉറപ്പു ലഭിക്കുമ്പോൾ മാത്രം ഇവ പുനരാരംഭിക്കാനാണ് ലോക ബാങ്കിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം യുകെ, യുഎസ് ഉൾപ്പെടെയുള്ള 10 രാജ്യങ്ങൾ താലിബാന്റെ നടപടിയെ അപലപിച്ച് കൊണ്ട് സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.

ആറാം ക്ലാസിന് മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നായിരുന്നു താലിബാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകൾ, പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു കൊണ്ട് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞത്.

ഇസ്ലാമിക നിയമത്തിനും അഫ്ഗാൻ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ അടച്ചിടുമെന്നായിരുന്നു താലിബാൻ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്താനിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പെൺകുട്ടികൾക്ക് ഹയർ സെക്കന്ററി സ്‌കൂളുകളിലേക്ക് തിരികെ വരാമെന്ന് താലിബാൻ വ്യക്തമാക്കിയത്. അടുത്തയാഴ്ച സ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അറിയിപ്പ് പ്രകാരം ആയിരക്കണക്കിന് പെൺകുട്ടികൾ തിരികെ സ്‌കൂളുകളിലേക്കെത്തി. എന്നാൽ അവസാന നിമിഷം തീരുമാനം പിൻവലിക്കുകയാണെന്ന് താലിബാൻ പ്രഖ്യാപിച്ചു.