ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു. ഇത്തവണ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. വടക്കൻ ചെന്നൈയിൽ ജനവാസകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചത്.

ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ പ്യുവർ ബസ്റ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടറിലാണ് തീ ആളിപടർന്നത്.

നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ പ്രമുഖ ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്‌കൂട്ടറുകൾക്കും സമാനമായി തീപിടിച്ചിരുന്നു. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച സംശയങ്ങളും ഉയർന്നിട്ടുണ്ട്.

രണ്ടുപേരുടെ ജീവനെടുത്തത് ഉൾപ്പെടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രിക് വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ തന്നെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവമുണ്ടായത്.

ചെന്നൈയുടെ സമീപ പ്രദേശമായ മഞ്ചംപാക്കത്താണ് ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്യുവൽ ഇ.വിയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്തവണ അഗ്‌നിക്കിരയായിരിക്കുന്നത്. മധൂർ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ചുവന്ന നിറമുള്ള ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നതും തീപിടിത്തമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവ് സംഭവങ്ങളാകുന്ന പശ്ചാത്തലത്തിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികളുടെ തെർമൽ എഫിഷ്യൻസിയും തീപിടിത്തം തടയുന്നതിന് ഇലക്ട്രിക് വാഹനങ്ങളിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും കാര്യക്ഷമമാണോയെന്ന പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്യുവൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലും പൂണെയിലുണ്ടായ സംഭവത്തിലും കേന്ദ്ര സർക്കാർ ഇടപെടലുണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ സെന്റർ ഫോൺ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റിയോട് (സി.എഫ്.ഇ.ഇ.എസ്) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ ലാബോർട്ടറിയാണ് സി.എഫ്.ഇ.ഇ.എസ്.