ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വ്യാഴാഴ്ച ഇന്ത്യൻ സന്ദർശനത്തിനെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ അദ്ദേഹം ചൈനീസ് സന്ദർശനത്തിലാണ്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം എന്നാണ് സൂചന. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ റഷ്യ ഉറപ്പു നൽകിയിരുന്നു.

'റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ത്യൻ സന്ദർശനത്തിനെത്തുന്നു. മാർച്ച് 31നും ഏപ്രിൽ 1നും അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരിക്കും' വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസത്തെ ചൈനിസ് സന്ദർശനത്തിന് ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യുക്രെയ്ൻ അധിനിവേശത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ റഷ്യയിൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, യുഎസിലെ രാജ്യാന്തര സാമ്പത്തിക ഉപദേഷ്ടാവ് ദലീപ് സിങ് എന്നിവരുടെ സന്ദർശനത്തോടൊപ്പമാണ് റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.

ഐക്യരാഷ്ട്ര സഭയിൽ ഇതുവരെ റഷ്യയെ വിമർശിക്കുന്ന പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ ചെയ്തത്. സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും ഇരു രാജ്യങ്ങളെയും അറിയിച്ചിരുന്നു.