- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധം ഭൂമിയിൽ മാത്രം; ബഹിരാകാശ നിലയം സൗഹൃദത്തിന്റെ പ്രതീകം: സോയുസ് പേടകത്തിൽ അമേരിക്കക്കാരനെ ഒപ്പം കൂട്ടി റഷ്യൻ ബഹിരാകാശ സഞ്ചാരികൾ
കസഖ്സ്ഥാൻ: യുദ്ധകാലത്ത് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി റഷ്യയുടെ 'സോയുസ്' പേടകം. ഭൂമിയിൽ റഷ്യ യുക്രൈനുമായി യുദ്ധം ചെയ്യുമ്പോൾ ഉപരോധം ഏർപ്പെടുത്തി റഷ്യയെ തകർക്കാനുള്ള ശ്രമത്തിലാണ് യുഎസ്. എന്നാൽ ഭൂമിക്ക് മുകളിൽ യുദ്ധം ഇവരെ ബാധിക്കുന്നേയില്ല. ബഹിരാകാശത്ത് എല്ലാവരും അടുത്ത സുഹൃത്തുക്കളായ മനുഷ്യരാണ്. ഈ സൗഹൃദം വെളിപ്പെടുത്തുകയാണ് റഷ്യയുടെ സോയുസ് പേടകം.
ബഹിരാകാശ നിലയത്തിൽ നിന്നും യുഎസിന്റെയും റഷ്യയുടെയും ബഹിരാകാശ യാത്രികർ സംയുക്തമായി മടങ്ങിയിരിക്കുകയാണ് ഈ പേടകത്തിൽ. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ മാർക് വാൻഡെ ഹെയ്, റഷ്യൻ ഏജൻസി റോസ്‌കോമോസിന്റെ ആന്റൺ ഷ്‌കാപ്ലെറോവ്, പ്യോട്ര് ഡുബ്രോവ് എന്നിവരാണ് ഇന്നലെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് റഷ്യയുടെ സോയുസ് പേടകത്തിൽ ഭൂമിയിലേക്ക് എത്തിയത്. കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്‌മോഡ്രോമിലാണ് ഇവർ വന്നിറങ്ങിയത്.
റഷ്യയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, നാസയുടെ ബഹിരാകാശ സഞ്ചാരിയെ തിരികെ കൊണ്ടുവരാൻ റഷ്യ തയാറാകില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ബഹിരാകാശത്ത് അവർ കൈകോർക്കുക ആയിരുന്നു. മനുഷ്യർ തമ്മിൽ ഭൂമിയിൽ പല പ്രശ്‌നങ്ങളുണ്ടാകാമെന്നും രാജ്യാന്തര ബഹിരാകാശ നിലയം പക്ഷേ, സൗഹൃദത്തിന്റെ പ്രതീകമാണെന്നും ഷ്‌കാപ്ലെറോവ് യാത്രയ്ക്കുമുൻപ് പറഞ്ഞതോടെ അതെല്ലാം അടങ്ങി.
റഷ്യയ്‌ക്കൊപ്പം യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നത്. ബഹിരാകാശത്തേക്കും തിരിച്ചുമുള്ള യാത്രകൾക്കായി മുഖ്യമായും ഉപയോഗിക്കുന്നത് സോയുസ് പേടകമാണ്.