- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ ന്യുഹാമിലെ മലയാളി സ്വാധീനത്തിന് അറുതിയാവുന്നോ? രണ്ട് സിറ്റിങ് കൗൺസിലർമാർ അടക്കം മലയാളി നേതാക്കളെ ഒഴിവാക്കി ലേബർ പാർട്ടിയുടെ സാധ്യതാ ലിസ്റ്റ്; ഓമന ഗംഗാധരനും സുഗതൻ തെക്കേപ്പുറവും അലക്സാണ്ടറും പുറത്ത്
ലണ്ടൻ ഗവണ്മെന്റ് ആക്ട് 1963 പ്രകാരം ലണ്ടൻ ബറോകൾ രൂപീകരിച്ചത് 1965-ൽ ആയിരുന്നെങ്കിലും ഇന്നത്തെ ന്യുഹാം ബറോയുമായുള്ള മലയാളികളുടെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയൊരു ശതമാനം മലയാളികൾ ജീവിക്കുന്ന ഇവിടെ നിരവധി സാമൂഹ്യ സേവനങ്ങളിലും മലയാളികളുടെ സജീവ സാന്നിദ്ധ്യം കാണാൻ കഴിയും. സ്വാതന്ത്ര്യ സമരസേനാനിയും മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയുമായിരുന്ന വി. കെ. കൃഷ്ണമേനോൻ വിദ്യാർത്ഥിയായി ലണ്ടനിലെത്തിയ കാലത്ത് ഈ മേഖലയിലെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു എന്നൊരു റിപ്പോർട്ട് വർഷങ്ങൾക്ക് മുൻപ് വന്നിരുന്നു.
അതുപോലെ 2021-ലെ ന്യുഹാം കമ്മ്യുണിറ്റി ചാമ്പ്യൻസ് അവാർഡ് ലഭിച്ചത് മലയാളി അസ്സോസിയേഷൻ ഒഫ് ദി യു കെ എന്ന മലയാളി സംഘടനയ്ക്കായിരുന്നു. അന്ന് അവാർഡ് ദാന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഈസ്റ്റ്ഹാം എം. പിസ്റ്റീഫർൻ ടിംസ് ഉൾപ്പടെയുള്ളവർ കോവിഡ് കാലത്ത്മലയാളികൾ ഒറ്റയ്ക്കും, സംഘടിതമായും നടത്തിയ സേവന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് പ്രശംസിച്ചതുമാണ്. ഇത്രയധികമുണ്ട് ന്യുഹാമും മലയാളികളുമായുള്ള ബന്ധം.
എന്നിട്ടും വരുന്ന മേയിൽ നടക്കാൻ ഇരിക്കുന്ന ന്യുഹാം ബറോ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പുറത്തുവിട്ട സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റിൽ ഇത്തവണ ഒരു മലയാളി പോലും കയറിപ്പറ്റിയില്ലെന്നതാണ് ഇവിടത്തെ മലയാളി സമൂഹത്തിന് ഏറെ ദുഃഖകരമായ വസ്തുത. 2022 മെയ് 5 ന് നടക്കാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയിൽ നിന്നും രണ്ട് സിറ്റിങ് കൗൺസിലർമാരേ കൂടി ഒഴിവാക്കി എന്നതാണ് ഏറേ ഖേദകരമായ കാര്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ന്യുഹാമിലെ ലേബർപാർട്ടി രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പല പ്രമുഖ മലയാളികളേയും ഒഴിവാക്കിയിരിക്കുകയാണ് ലേബർ പാർട്ടി. വാൾ എൻഡ് വാർഡിൽ നിന്നുള്ള കൗൺസിലർ ഓമന ഗംഗാധരൻ, ഈസ്റ്റ്ഹാം സെൻട്രലിൽ നിന്നുള്ള സുഗതൻ തെക്കേപ്പുരയിൽ എന്നിവരാണ് ഒഴിവാക്കപ്പെട്ട രണ്ട് മലയാളി സിറ്റിങ് കൗൺസിലർമാർ. മുൻ ലേബർ കൗൺസിലറായിരുന്ന ജോസ് അലക്സാണ്ടർക്കും ഇത്തവണ സീറ്റ് നൽകിയിട്ടില്ല.
മുൻ കൗൺസിലർ പോൾ സത്യനേശന് സീറ്റ് നിഷേധിച്ചതോടെ തമിഴ് ജനതയ്ക്കും ഇത്തവണ ലേബർ പാർട്ടി പ്രാതിനിധ്യം നൽകുന്നില്ല. അതോടെ ദക്ഷിണേന്ത്യയെ മൊത്തത്തിൽ അവഗണിക്കുകയാണ് ഇവിടെ ലേബർ പാർട്ടി. പല വാർഡുകളിലും വിജയം തീരുമാനിക്കുവാൻ തക്ക സ്വാധീനമുണ്ട് ദക്ഷിണേന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ചും മലയാളി സമൂഹത്തിന് എന്ന വസ്തുത യാഥാർത്ഥ്യമായിരിക്കെയാണ് ലേബർ പാർട്ടിയുടെ ഈ അവഗണന.
ഫലനിർണ്ണയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര വലിയ സമൂഹമായ, ന്യുഹാം മലയാളി സമൂഹം ഈ അവഗണനയിൽ ഞെട്ടിയിരിക്കുകയാണ്. ന്യുഹാമിന് സാമ്പത്തിക സംഭാവനകൾ മാത്രമല്ല മലയാളി സമൂഹം നൽകുന്നത്, നേരെ മറിച്ച് സാമൂഹ്യക്ഷേമ പരിപാടികളിലും വളരെ സജീവമായി പങ്കെടുക്കുന്ന ഒരു വിഭാഗമാണിത്. കോവിഡ് പ്രതിസന്ധികാലത്ത് ഫുഡ് ബാങ്കുകൾ തുറന്നും മറ്റും നല്ല രീതിയിൽ സേവാ പ്രവർത്തനങ്ങൾ ന്യുഹാം മലയാളികൾ നടത്തിയിരുന്നു. ഏതായാലും ലേബർ പാർട്ടിയുടെ ഈ അവഗണന വലിയൊരു വോട്ട് ബാങ്കായ മലയാളി സമൂഹത്തെ വേദനിപ്പിച്ചിരിക്കുകയാണ്.
നിലവിലുള്ള കൗൺസിലർമാർക്ക് പോലും സീറ്റ് ലഭിച്ചില്ല എന്നത് ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് ഒരു മലയാളി സംഘടനാ നേതാവ് പറഞ്ഞു. അധികാരത്തിലുള്ളവർക്ക്, മലയാളികളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കാൻ ആയില്ല എന്നത് ഒരു പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തം 66 കൗൺസിലർമാരാണ് ന്യുഹാം ബറോ കൗൺസിലിൽ ഉള്ളത്. രൂപീകരിച്ച അന്നുമുതൽ തന്നെ ലേബർ പാർട്ടിയാണ് ന്യുഹാം ഭരിക്കുന്നത്. 1968 മുതൽ 71 വരെയുള്ള കാലയളവ് മാത്രമായിരുന്നു ലേബർപാർട്ടിക്ക് പൂർണ്ണമായ നിയന്ത്രണം ലഭിക്കാതെ പോയത്.
ഏറ്റവും അവസാനം നടന്ന 2018-ലെ തിരഞ്ഞെടുപ്പിൽ 67.2 ശതമാനം വോട്ടുകൾ നേടി ലേബർ പാർട്ടിയുടെ 60 കൗൺസിലർമാർ വിജയിച്ചു. കൺസർവേറ്റീവ് പാർട്ടിക്ക് 15.2 ശതമാനം വോട്ടുലഭിച്ചപ്പോൾ ലിബറൽ ഡെമോക്രാറ്റുകൾക്ക് ലഭിച്ചത് 5.9 ശതമാനം മാത്രമായിരുന്നു. ഗ്രീൻ പാർട്ടിക്ക് 5.2 ശതമാനം വോട്ടുകളും ലഭിച്ചു. ആദ്യ റൗണ്ടിൽ 73.4 ശതമാനം വോട്ടുനേടി ലേബർ സ്ഥാനാർത്ഥി റോക്ഷാന ഫയസ് ന്യുഹാം മേയർ ആകുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ