തിരുവനന്തപുരം: ഐടി പാർക്കുകളിലും വിമാനത്താവളങ്ങളിലും യഥേഷ്ടം മദ്യം ഒഴുക്കി ജനങ്ങളെ വെല്ലുവിളിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇടതു സർക്കാരിന്റെ പുതിയ മദ്യ നയം ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനു നേരെയുള്ള വെല്ലുവിളിയാണ്. മദ്യവർജ്ജനം എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് തികച്ചും വിരുദ്ധമായ സമീപനമാണ് പുതിയ മദ്യ നയത്തിലൂടെ വെളിപ്പെടുന്നത്. ജനങ്ങളെ കൂടുതൽ സാമൂഹ്യ വിപത്തിലേക്ക് തള്ളിവിടാനാണ് ഇടതുസർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. ഐടി പാർക്കുകളിൽ പബുകൾ ആരംഭിക്കുന്നതിലൂടെ സംസ്ഥാനത്ത് അരാജകത്വം വളർത്താനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. പുതിയ വിദേശ മദ്യശാലകൾ അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സുലഭമായി മദ്യം വിതരണം ചെയ്യുന്നതിനും സാധാരണക്കാരന്റെ കുടുംബ ജീവിതം തകർക്കുന്നതിനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

കഴിഞ്ഞവർഷം 1608 കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയാണ് ബിവറേജ് കോർപ്പറേഷനിലൂടെ സംസ്ഥാനത്ത് ഉണ്ടായത്. സംസ്ഥാനത്തെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ ബിവറേജസ് കോർപ്പറേഷനിലേക്ക് കൂടുതൽ ഉദാര സമീപനം സ്വീകരിക്കുന്നതിന്റെ യുക്തി സർക്കാർ വ്യക്തമാക്കണം. ജനങ്ങളുടെ മദ്യാസക്തി കുറച്ചു കൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനും മുൻകൈയെടുക്കേണ്ട ഭരണകൂടം ജീവിത നിലവാരത്തെ തകർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും അക്രമസംഭവങ്ങളും ദിനംപ്രതി വർദ്ധിക്കുന്ന സന്ദർഭത്തിലും മദ്യശാലകളും പബുകളും സുലഭമാക്കുന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്. മദ്യലോബിയുടെ താല്പര്യത്തെ സംരക്ഷിക്കുന്ന പിണറായി സർക്കാറിന്റെ നയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.