- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷ ഉൾപ്പടെ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി പരിശോധിക്കും; ബന്ധപ്പെട്ട വിഷയങ്ങൾ അഥോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സർക്കാർ; അനുകൂലിച്ച് തമിഴ്‌നാട്; കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരളം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അഥോറിറ്റിക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടിനെ സുപ്രീം കോടതിയിൽ തമിഴ്‌നാട് പിന്തുണച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ശക്തമായ നിലപാട് എടുക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര ജലകമ്മിഷനും മേൽനോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്.
അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അഥോറിറ്റി പരിശോധിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നിലവിൽ നടക്കുന്നില്ല. അപ്പ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വ്യക്തമാക്കി.
ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉൾപ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തതായും അതിനാൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഥോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് സുപ്രീം കോടതിയിൽ പിന്തുണച്ചു. അഥോറിറ്റി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരായ സംസ്ഥാനമാണ്. അതിനെ തടസപ്പെടുത്തുന്നവർക്ക് എതിരെ കേസ് ഉൾപ്പടെയുടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡാം സുരക്ഷ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് തമിഴ്‌നാട് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശേഖർ നാഫ്ഡെ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അഥോറിറ്റികൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നായിരുന്നു കേരള സർക്കാരിന്റെ വാദം. എന്നാൽ 2022 ഫെബ്രുവരി 17-ന് ദേശിയ ഡാം സുരക്ഷ ആതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതനുസരിച്ച് കേന്ദ്ര ജലകമ്മീഷൻ ചെയർമാന്റെ അധ്യക്ഷതയിൽ ഇന്നലെ താത്കാലികമായി അഥോറിറ്റി നിലവിൽവന്നു. മൂന്ന് വിദ്ഗധരെ കൂടി ഉൾപ്പെടുത്തിയാൽ പൂർണതോതിൽ അഥോറിറ്റിക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഡാം സുരക്ഷാ നിയമം, അഥോറിറ്റി രൂപീകരിക്കൽ എന്നിവ സംബന്ധിച്ച് എന്തുകൊണ്ട് നേരത്തെ കോടതിയെ അറിയിച്ചില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ആരാഞ്ഞു. ഡാം സുരക്ഷാ നിയമം പാസ്സാക്കിയതിന് ശേഷം സുപ്രീം കോടതിയിൽ റിപ്പോർട്ടുകളോ സത്യവാങ്മൂലങ്ങളോ ഫയൽ ചെയ്തിട്ടില്ലെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്റെ മറുപടി. തുടർന്ന് അഥോറിറ്റി രൂപീകരണം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കാൻ പോകുന്ന നടപടികൾ എന്നിവ എഴുതി നൽകാൻ സുപ്രീം കോടതി അഡീഷണൽ സോളിസിറ്റർ ജനറലിനോട് നിർദേശിച്ചു. ചൊവ്വാഴ്ച കുറിപ്പ് കൈമാറാനാണ് നിർദ്ദേശം.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ കക്ഷിയല്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും അഭിഭാഷകൻ ജി. പ്രകാശും കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ജല കമ്മീഷൻ, മേൽനോട്ട സമിതി എന്നിവയ്ക്ക് വേണ്ടിയാണ് ഹാജരാകുന്നത് എന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ കേന്ദ്രത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്. ഓക, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ ഹർജികൾ പരിഗണിക്കുന്നത്.
ന്യൂസ് ഡെസ്ക്