തലശേരി: സി.പി. എം പ്രവർത്തകൻ ന്യൂമാഹി പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയും ജില്ലാസെഷൻസ് കോടതി തള്ളി. റിമാൻഡിലുള്ള ബിജെപി, ആർ. എസ്. എസ് പ്രവർത്തകരായ പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി കെ അർജുൻ, ദീപക് സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യഹർജിയും ഒളിവിലുള്ള ആർഎസ്എസ് സേവാ പ്രമുഖ് നിജിൽദാസിന്റെ മുൻകൂർ ജാമ്യ ഹർജിയുമാണ് തള്ളിയത്.

ഇതോടെ ഈകേസിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്. തലശേരിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാർ വാദിച്ചു. കുടുംബത്തിന്റെ മുന്നിൽ വച്ച് നടത്തിയ നിഷ്ഠുര കൊലപാതകത്തെ സഹായിച്ചവരാണ് പ്രതികൾ.

പലതവണയായി ഹരിദാസനെ വധിക്കാൻ ആയുധവുമായി ഇവർ ഇറങ്ങിയിട്ടുണ്ട്. രണ്ടാംപ്രതി വിമിൻ പതിമൂന്നാംപ്രതി ആത്മജിന് അയച്ച വാട്‌സ് ആപ് സന്ദേശത്തിലും ഇക്കാര്യമുണ്ട്. കേസിൽ ഗൗരവമുള്ള പങ്കാളിത്തം ഇവർക്കുണ്ടെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.
സംഭവത്തിൽ ബന്ധമില്ലെന്നും രാഷ്ട്രീയമില്ലെന്നും പറഞ്ഞാണ് നിജിൽദാസ് മുൻകൂർ ജാമ്യഹർജി നൽകിയത്. ആർഎസ്എസ്സിന്റെ സേവാപ്രമുഖാണ് പ്രതിയെന്നും കൊലപാതകശേഷം മുങ്ങിനടക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

കൂലോത്ത് ക്ഷേത്രത്തിൽ വച്ച് മർദിച്ചതിന് പ്രതികാരം വീട്ടാൻ നിജിൽദാസ് ഉൾപ്പെട്ട സംഘമാണ് തീരുമാനമെടുത്തത്. പ്രതികളുടെ കുറ്റസമ്മതമൊഴിയിൽ കൊലപാതകത്തിലെ ഇയാളുടെ പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി പ്രേമരാജൻ ഹാജരായി. ഈ കേസിൽ ഇനിയും രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്.