- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളുഷാപ്പ് ലൈസൻസ് പുതുക്കാൻ കൈക്കൂലി; കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടികൂടി

കണ്ണൂർ: കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡിവിഷൻ ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. വ്യാഴാഴ്‌ച്ച വൈകുന്നേരം നാലുമണിമുതൽ രാത്രി എട്ടുമണിവരെയാണ് റെയ്്ഡു നടന്നത്. കള്ളുഷാപ്പ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഷാപ്പുടമകളിൽനിന്നും പണംവാങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കണ്ണൂർ വിജിലൻസ് ഡി.വൈ. എസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസിൽ മിന്നൽ റെയ്ഡ് നടത്തിയത്.
എന്നാൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ. എസ് ഷാജി ഈക്കാര്യം നിഷേധിക്കുകയായിരുന്നു. സംശയം തീരാത്തതിനെ തുടർന്ന് സ്റ്റോർ റൂമിൽ വിജിലൻസ് പരിശോധന നടത്തിയപ്പോൾ ഇവിടെ വെയ്സ്റ്റ് ബാസ്‌കറ്റിൽ നിന്നും പഴയ ഫയലുകൾക്കിടയിൽ നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ 15,500രൂപ കണ്ടെത്തുകയും മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്നും കണക്കിൽപ്പെടാത്ത 255 രൂപയും കണ്ടെത്തുകയുമായിരുന്നു.
പഴയ രജിസ്റ്ററുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിൽ നിന്നാണ് പലയിടങ്ങളിലായി ഒളിപ്പിച്ച പണം കണ്ടെത്തിയത്. കള്ളുഷാപ്പ്ലൈസൻസ് പുതുക്കാനായെത്തുന്ന ഷാപ്പുടമകളിൽ നിന്നും ഇവർ പണം ചോദിച്ചുവാങ്ങുന്നതായി നേരത്തെ വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായി കൈക്കൂലി കൊടുത്തില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നായിരുന്നു ഭീഷണി.
എന്നാൽ ഇവരോടുള്ള പേടികാരണം ഷാപ്പുടമകൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. മാനന്തവാടി സ്വദേശിയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി. ജില്ലാഭരണകൂടത്തിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എക്സൈസ് ഡിവിഷൻ ഓഫിസ് കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഡി.വൈ. എസ്. പി അറിയിച്ചു.കൈക്കൂലി വാങ്ങുന്നതിന്റെ ദോഷവശങ്ങളെ കുറിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ഇരുത്തി ക്ലാസെടുത്ത് നൽകിയാണ് വിജിലൻസ് മടങ്ങിയത്.
ഡി.വൈ. എസ്‌പിക്ക്പുറമേ വിജിലൻസ് എസ്. ഐ ജയപ്രകാശ്, എ. എസ്. ഐ നിജേഷ് സിവിൽ പൊലിസ് ഓഫിസർമാരായ രാജേഷ്, ശ്രീജിത്ത്, ഷൈജു,നിധേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


