കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് ജില്ലയിൽ 23 സ്നേഹ വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ഏപ്രിൽ നാലിന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വിജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതോടെ ജില്ലയിൽ 212 സ്നേഹവീടുകളാണ് പാവപ്പെട്ടവർക്ക് വേണ്ടി പാർട്ടി നിർമ്മിച്ചത്. പയ്യന്നൂർ, പെരിങ്ങോം, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പിണറായി, പേരാവൂർ, ഇരിട്ടി എന്നീ 8 ഏരിയകളിലെ മുഴുവൻ ലോക്കലുകളിലും സ്നേഹവീടുകൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലാകെ 18 ഏരിയകളാണുള്ളത്.

തികച്ചും അർഹതപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. അവരിൽ 67 പേർ വിധവകളും, 33 പേർ ഓട്ടിസം ബാധിച്ചവരും, ഭിന്നശേഷിക്കാരും, 23 പേർ മാരകമായ രോഗം ബാധിച്ചവരുമാണ്. 16 ലോക്കലു കളിൽ 2 മുതൽ 5 വരെ വീടുകൾ നിർമ്മിച്ച് നൽകിയ മാതൃകപരമായ പ്രവർത്തനമാണ് പാർട്ടിയുടെ പ്രദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ നടന്നത്.

ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച തലശ്ശേരി ഏരിയയിലെ എരഞ്ഞോളി 5 ഉം, പാനൂർ ഏരിയയിലെ പുത്തൂർ 3 ഉം ആണ്. തലചായ്ക്കാൻ ഒരിടം എന്നത് ഏതൊരു കുടുംബങ്ങളുടെയും ആഗ്രഹമാണ്. സ്വന്തമായി വീട് നിർമ്മിക്കാൻ സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി കൊണ്ടാണ് പാർട്ടി ഇത്തരത്തിൽ ജനങ്ങളുടെ സഹകരണത്തോടുകൂടി വീട് നിർമ്മിച്ച് നൽകിയത്. വീട് നിർമ്മാണത്തിനായി സ്ഥലം സംഭാവന നൽകിയ ചില മഹദ് വ്യക്തികളുണ്ട്. ഇതിന് പുറമെ സാമ്പത്തിക സാഹയങ്ങളും. മനുഷ്യാധ്വാനവും, സാധന സാമഗ്രികളും സംഭാവന നൽകിയത് ജനങ്ങളാണ്.

വർഗ്ഗ - ബഹുജന, സർവ്വീസ് സംഘടനകളായ ഡിവൈഎഫ്ഐ, കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ, ന്യൂനപക്ഷ സാംസ്‌കാരിക സമിതി, എന്നിവരും ഇതിന് പുറമെ വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഏപ്രിൽ 4 ന് കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കലിലെ പയ്യാമ്പലം കുനിയിൽ പാലത്ത് വിധവയായ ശ്രീലക്ഷ്മിക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറി 23 വീടുകളുടെ പ്രഖ്യാപനം കോടിയേരി ബാലകൃഷ്ണൻ നടത്തുക.

ഇതേ സമയത്ത് മറ്റു ലോക്കലുകളിൽ പി.കെ.ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ.ശൈലജ പി. ജയരാജൻ, ടി.വി.രാജേഷ്. വി.ശിവദാസൻ, വത്സൻ പനോളി, എൻ.ചന്ദ്രൻ, എം. പ്രകാശൻ മാസ്റ്റർ. എം.സുരേന്ദ്രൻ, കാരായി രാജൻ, ടി.ഐ.മധുസൂദനൻ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, പി.വി.ഗോപിനാഥ് എന്നീ നേതാക്കളാണ് സ്നേഹവീടുകൾ ഉദ്ഘാ ടനം ചെയ്യുന്നത്. ജില്ലയിൽ പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാലുടൻ 23 വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും ജയരാജൻ പറഞ്ഞു.

പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള ശാസ്ത്രമേള ഏപ്രിൽ 2 ന് ധർമ്മശാലയിൽ കോട്ടയം എം ജി യൂണിവേസിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 3 ന് വൈകു 5 മണിക്ക് വിദ്ധ്യാഭ്യാസ - സാംസ്‌കാരിക മേഖലയിലെ വർഗീയവൽക്കരണം ' എന്ന വിഷയത്തെ കുറിച്ച് ധർമ്മശാലയിൽ നടത്തുന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

ഏപ്രിൽ 2 ന് പരിശീലനം സിദ്ധിച്ച റെഡ് വളണ്ടിയർമാരുടെ പരേഡ് പയ്യന്നൂർ, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂർ, താഴെചൊവ്വ, ചക്കരക്കല്ല്, പാനൂർ, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിലും, ഏപ്രിൽ 3 ന് പിണറായിലും, ഏപ്രിൽ 4 ന് തലശ്ശേരിയിലും, പേരാവൂരിലും, ഏപ്രിൽ 5 ന് കൂത്തുപറമ്പിലും സംഘടിപ്പിക്കും. ഏപ്രിൽ 2,3 തീയ്യതികളിൽ 231 ലോക്കലുകളിൽ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും ജയരാജൻ അറിയിച്ചു.