കാസറഗോഡ് : തിരിച്ചു വന്ന 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധികളില്ലാതെ പെൻഷൻ അനുവദിക്കണം, മറ്റ് ക്ഷേമനിധി അംഗങ്ങളെ ചേർക്കുന്നതു പോലെ പ്രവാസി ക്ഷേമനിധി അംഗങ്ങളുളെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുക, പ്രവാസി ക്ഷേമ നിധിയിലെ അന്യായമായ അംശാദായ വർദ്ധനവ് പിൻവലിക്കുകയോ അംശാദായത്തിന് ആനുപാതികമായി പെൻഷൻ വർദ്ധിപ്പിക്കുകയോ ചെയ്യുക, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ തൊഴിലിനായ് മുൻഗണന നൽകുക, പ്രവാസികൾക്ക് സ്വയം തൊഴിൽ വായ്പാ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, വായ്പയ്ക്കായുള്ള ബാങ്ക് ഗ്യാരണ്ടി സർക്കാർ നൽകുക, ആനുകൂല്യങ്ങൾക്കായ് പരിഗണിക്കുമ്പോൾ വീടിന്റെ വിസ്തീർണം എന്ന മാനദണ്ഡത്തിൽ വരുമാനമില്ലാത്ത പ്രവാസികൾക്ക് ഇളവ് നൽകുക, സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായ് പ്രവാസി കോൺഗ്രസ്സ് ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായ് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് - നോർക്ക ഓഫീസ് മാർച്ച് നടത്തി.

പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായ് നടപ്പിലാക്കണമെന്ന് മാർച്ചിൽ പ്രവാസി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

മാർച്ചിൽ പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ്. ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, പ്രമുഖ കാരുണ്യ പ്രവർത്തകനും ആശ്രയ ട്രസ്റ്റ് ചെയർമാനുമായ ഖലീജ് നാരായണൻ നായർ ഉദ്ഘാടനം ചെയ്ത മാർച്ചിൽ, ഇൻകാസ് ദുബൈ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് മുനീർ കുംബ്ലെ മുഖ്യ പ്രഭാഷണം നടത്തി.

ഭാസ്‌കരൻ പുല്ലൂർ, ദാമോധരൻ പുല്ലൂർ, രാധാകൃഷ്ണൻ കാനത്തൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, കുഞ്ഞിരാമൻ തണ്ണോട്ട്, മനോജ് ഉപ്പിലിക്കൈ, ഗംഗാധരൻ തൈക്കടപ്പുറം, പ്രമോദ് പെരിയ, വേണു കുശാൽ നഗർ, സുകുമാരൻ വെങ്ങാട്ട്, തുടങ്ങിയവർ സംസാരിച്ചു. കണ്ണൻ കരുവാക്കോട് സ്വാഗതവും, രാജൻ തെക്കേക്കര നന്ദിയും പറഞ്ഞു

മാർച്ചിന് ശേഷം ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച നിവേദനം നോർക്കാ ഓഫീസർക്ക് കൈമാറി.