റിനോ (നവേഡ) : രണ്ടാഴ്ച മുൻപ് നോർത്തേൺ നവേഡായിൽ നിന്നും അപ്രത്യക്ഷമായ 18 വയസ്സുകാരിയുടെ മൃതദേഹം മാർച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി .മാർച്ച് 12 നാണ് നവോമി റിയോനെ തട്ടിക്കൊണ്ട് പോയത് . ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു . മാത്രമല്ല സംഭവത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ എഫ്.ബി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു .

നോർത്തേൺ നവേഡയിലെ ഉൾപ്രദേശത്തെ ഒരു ഗ്രേവ് സൈറ്റിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് . മാർച്ച് 30 ബുധനാഴ്ച നടത്തിയ ഓട്ടോപ്‌സിക് ശേഷം മൃതദേഹം നവോമിയുടേതാണെന്ന് സ്ഥിരീകരിച്ചു .

ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ച് 41 വയസ്സുള്ള നിരവധി കേസ്സുകളിൽ പ്രതിയായ ട്രോയ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു . ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപിംഗിന് കേസ്സെടുത്തിട്ടുണ്ട് . 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . ഇയാളെ ലിയോൺ കൗണ്ടി ജയിലിലടച്ചു .

മാർച്ച് 12 ന് വാൾമാർട്ട് പാർക്കിങ് ലോട്ടിലാണ് ഇവരെ അവസാനമായി കണ്ടതും മൂന്നു ദിവസത്തിന് ശേഷം ഇവരുടെ കാർ സമീപത്തുള്ള പെയിന്റ് നിർമ്മാണ കമ്പനിയുടെ പാർക്കിങ് ലോട്ടിൽ കണ്ടെത്തിയിരുന്നു . ട്രോയ് ഡ്രൈവർ ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം .