- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം; 14 രാജ്യസഭാ സീറ്റുകളിൽ പതിമൂന്നിലും എൻഡിഎ; രാജ്യസഭയിൽ സെഞ്ചുറി പിന്നിട്ട് ബിജെപി; ഇനി ലക്ഷ്യം രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ
ന്യൂഡൽഹി: ലോക്‌സഭയിലെ മുൻതൂക്കത്തിനൊപ്പം രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ 'സെഞ്ചുറി' തികച്ച് ബിജെപി. ചരിത്രത്തിലാദ്യമായാണ് ബിജെപിയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം 100 കടക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാർട്ടിയാണ്.
രാജ്യസഭയിൽ ഒഴിവുവന്ന 13 സീറ്റുകളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് നാല് അംഗങ്ങളെ ജയിപ്പിച്ച് ബിജെപി 100 പിന്നിട്ടത്. അസം, ത്രിപുര, നാഗാലാൻഡ് എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും ഹിമാചൽ പ്രദേശിൽനിന്നുമാണ് ബിജെപിയുടെ നാല് സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് ജയിച്ചത്. 1988നു ശേഷം രാജ്യസഭയിൽ ഒരു പാർട്ടിക്കും അംഗങ്ങളുടെ എണ്ണത്തിൽ 100 കടക്കാനായിട്ടില്ല. നിലവിൽ ബിജെപിക്ക് 101 അംഗങ്ങളാണുള്ളത്.
അസ്സമിൽ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ (യുപിപിഎൽ) ഒരു സ്ഥാനാർത്ഥിയും വിജയിച്ചു. ത്രിപുരയിൽ സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിച്ച്, ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാനിക് സാഹ രാജ്യസഭയിലെത്തി.
സിപിഎമ്മിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. നാഗാലാൻഡിൽനിന്ന് ജയിച്ച ബിജെപി സ്ഥാനാർത്ഥി എസ്.ഫൻഗ്നോൻ കോന്യാക്, ഇവിടെനിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചു. സഖ്യകക്ഷിയായ എൻപിഎഫിന്റെ സിറ്റിങ് സീറ്റിൽനിന്നാണ് ഇക്കുറി ബിജെപി ഇവിടെ ജയിച്ചത്.
കടുത്ത മത്സരം നടന്ന അസമിൽനിന്ന് ബിജെപിയുടെ പബിത്ര മർഗരീത്തയും സഖ്യകക്ഷിയായ യുപിപിഎലിന്റെ റ്വാൻഗ്ര നർസാരിയുമാണ് ജയിച്ചത്. ഇവിടെ 12 പ്രതിപക്ഷ എംഎൽഎമാരുടെ വോട്ടുകൂടി ലഭിച്ചതോടെയാണ് എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികൾ ജയിച്ചത്. സിറ്റിങ് രാജ്യസഭാ എംപി കൂടിയായ കോൺഗ്രസിന്റെ റിപുൻ ബോറ തോറ്റു. ഇദ്ദേഹത്തിന്റെ കാലാവധി ഏപ്രിൽ 2ന് അവസാനിക്കും.
ഈ തിരഞ്ഞെടുപ്പോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള 14 രാജ്യസഭാ സീറ്റുകളിൽ 13ഉം ബിജെപി നയിക്കുന്ന എൻഡിഎയുടെ കൈവശമായി. അസമിലെ ഒരു സീറ്റ് സ്വതന്ത്രന്റെ കൈവശമാണ്. രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയായി. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇനിമുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസിന് ഒരു അംഗം പോലുമില്ലെന്ന പ്രത്യേകതയുമുണ്ട്.




