ബെംഗളൂരു: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 224 അംഗ നിയമസഭയിൽ 150 സീറ്റുകളിൽ അധികം നേടി പാർട്ടി അധികാരത്തിൽ മടങ്ങിയെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കർണാടകയെ വികസനത്തിന്റെ പാതയിൽ തിരിച്ചെത്തിക്കാൻ കഴിയുക കോൺഗ്രസിനാണ്. 150 സീറ്റിൽ കുറയില്ല എന്ന ലക്ഷ്യം ഓരോ കോൺഗ്രസ് പ്രവർത്തകനും മനസ്സിൽ ഉറപ്പിക്കണം. കർണാടക എല്ലാക്കാലത്തും കോൺഗ്രസിന്റെ ശക്തികേന്ദ്രമാണെന്നും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബെംഗളൂരുവിലെത്തിയ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി അരങ്ങേറുന്ന സംസ്ഥാനമാണ് കർണാടകയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ പണം സമാഹരിച്ച് അത് പണക്കാരായ വ്യവസായികൾക്ക് നൽകുകയെന്ന രീതിയാണ് കർണാടകയിൽ ബിജെപി സർക്കാർ പിന്തുടരുന്നത്- രാഹുൽ ആരോപിച്ചു.

സംസ്ഥാനത്ത് വലിയ വിജയം നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. സീറ്റ് നിർണയത്തിൽ ഉൾപ്പെടെ പാർട്ടിക്ക് വേണ്ടിയും പൊതുസമൂഹത്തിന് വേണ്ടിയും പോരാടിയവരെയാകും പരിഗണിക്കുക. ഇഞ്ചോടിഞ്ച് പോരാട്ടമല്ല കർണാടകയിൽ ലക്ഷ്യമിടേണ്ടത്. മികച്ച വിജയം നേടി സർക്കാർ രൂപീകരിക്കുകയെന്നതാകണം ലക്ഷ്യം. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വലിയ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിന് കർണാടകയിൽ ഭരണത്തിലെത്തേണ്ടത് അനിവാര്യതയാണ്.