ന്യൂഡൽഹി: കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കണ്ടെത്താനും ശക്തി തിരിച്ചറിയാനും രക്ഷിതാക്കൾ അവരെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച അഞ്ചാമത് പതിപ്പിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

പരീക്ഷ ഉത്സവമാക്കി മാറ്റണം എന്ന് വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും മോദി പറഞ്ഞു. പ്രചോദനത്തിന് ഒരു കുത്തിവയ്‌പ്പും ഇല്ല. നിങ്ങളെ നിരാശരാക്കുന്നത് എന്താണെന്ന് നിങ്ങൾ പഠിക്കണം, എങ്ങനെ പ്രചോദിതരായി തുടരാം എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഉത്തരം നൽകവേ പ്രധാനമന്ത്രി പറഞ്ഞു.

നമ്മൾ പലപ്പോഴും 'മോട്ടിവേഷൻ കാ ഇൻജക്ഷൻ' അല്ലെങ്കിൽ 'മോട്ടിവേഷൻ കാ ഫോർമുല' തിരയുന്നു. എന്നാൽ നമ്മളെ തരംതാഴ്‌ത്തുന്നവരെയും നമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരെയും നമ്മൾ അന്വേഷിക്കണം. പിന്നെ നമ്മളെ പ്രചോദിപ്പിക്കുന്ന ചില പാട്ടുകൾ, പുസ്തകങ്ങൾ, തുടങ്ങിയ കാര്യങ്ങൾക്കായി നോക്കുകയും അവയെ അടുത്ത് നിർത്തുകയും വേണം, പ്രധാനമന്ത്രി പറഞ്ഞു.

മനസ്സിരുത്താതെ വായിക്കുന്നത് തുടരാതിരിക്കുക മാത്രമല്ല, നിങ്ങൾ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്ന് വിശകലനം ചെയ്യുക. നിങ്ങൾ എങ്ങനെ വായിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു, ഓരോ വിഷയത്തിലും ചെലവഴിച്ച സമയത്തിന്റെ ഫലം എന്താണ്. ചിലപ്പോൾ, നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ കുറച്ച് സമയം നൽകുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.

പഠിപ്പിക്കുന്ന മാധ്യമം പ്രശ്‌നമല്ല. ഓഫ്ലൈനിൽ എന്ത് നടക്കുന്നുവോ അത് ഓൺലൈനിലും സാധ്യമാണ്. ഇതിനർത്ഥം മാധ്യമം പ്രശ്‌നമല്ല എന്നതുതന്നെ. മാധ്യമം പരിഗണിക്കാതെ, നമ്മുടെ മനസ്സ് വിഷയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ, കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒരു വ്യത്യാസവുമില്ല. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ 'പരീക്ഷ പേ ചർച്ച'യിൽ പ്രധാനമന്ത്രി മോദി കുട്ടികളോട് പറഞ്ഞു. നിയന്ത്രിക്കാനും സ്വയം അച്ചടക്കം പാലിക്കാനും ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും അതിനനുസരിച്ച് പഠിക്കാനും ഓൺലൈൻ ടൂളുകൾ ഉപയോഗിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

പരീക്ഷയിൽ കുട്ടികളെക്കാൾ ടെൻഷൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമുണ്ടെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. തങ്ങളുടെ അമിത പ്രതീക്ഷകളും നടക്കാതെപോയ സ്വപ്നങ്ങളുമൊന്നും കുട്ടികളുടെ പുറത്ത് കെട്ടിവയ്ക്കരുതെന്ന് രക്ഷകർത്താക്കളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഓരോ കുട്ടിയും ഓരോ സവിശേഷ വ്യക്തിത്വമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷം നീണ്ട കഠിന പ്രയത്‌നത്തിനൊടുവിൽ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ താൽപര്യത്തിനനുസരിച്ച് പുതിയ പഠനമേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. പഠനത്തോടൊപ്പം കായിക ഇനങ്ങളും പ്രധാനമാണ്. ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കായികയിനങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും അവരുടെ ശക്തി തിരിച്ചറിയാൻ അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം ശക്തി തിരിച്ചറിയുന്നതിന് മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശരിയായ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് സാധിക്കൂ. വിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തീരുമാനിക്കുന്നതിൽ പലപ്പോഴും ഒരു ധർമ്മസങ്കടത്തിലാണ്. ഇത് ഒരു വിദ്യാർത്ഥിയെ അനന്തമായ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ മനസിലാക്കാനും അവരുടെ ശക്തി തിരിച്ചറിയാൻ അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു

ഉത്സവങ്ങളെ കുറിച്ച് ആരും ആശങ്കപ്പെടാറില്ല. പരീക്ഷയും ഉത്സവമാക്കി മാറ്റിയാൽ പിന്നെ പരിഭ്രാന്തിക്ക് ഇടമില്ല എന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു. വിദ്യാർത്ഥികളുടെ മുഴുവൻ ചോദ്യങ്ങൾക്കും മറുപടി നൽകും. ഇന്നത്തെ സമയം അവസാനിച്ചാൽ നമോ ആപ്പിലൂടെ മറുപടി നൽകുമെന്നും മോദി പറഞ്ഞു. പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം ലക്കമാണ് ഇന്നത്തേത്.

രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചത്. ഡൽഹി ടാൽക്കത്തോറ സ്റ്റേഡിയത്തിലെ വേദിയിൽ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് മറുപടി നൽകി . രണ്ട് ലക്ഷം അദ്ധ്യാപകരും ഒരു ലക്ഷത്തിനടുത്ത് രക്ഷിതാക്കളും പരീക്ഷാ പേ ചർച്ചയിൽ പങ്കാളികളായി.

എറണാകുളം സെന്റ് തെരാസാസ് കോളേജിലെ വേദിയിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ പങ്കാളിയായി. പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ 'ചലേ ജിതേ ഹം' കാണണം എന്ന് വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.