കണ്ണൂർ:നാടിന്റെ വികസനത്തിന് പണം ഒരു പ്രശ്നമല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻപറഞ്ഞു. കണ്ണൂർ കോർപറേഷൻ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500കോടിയുടെ ലോകബാങ്ക് സഹായം കേരളത്തിന് ഉടൻകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ അമൃത് പദ്ധതിയടക്കം യാഥാർത്ഥ്യമായാണ് കേരളത്തിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി ഒഴിവാക്കാനാവും. കോർപ്പറേഷൻ, നഗരസഭ, ത്രിതലപഞ്ചായത്തുകൾ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

വികസനപ്രവർത്തനങ്ങൾക്കായി ഗവർമെന്റ് പ്ലാൻ ഫണ്ട് മാത്രം നോക്കി മുന്നോട്ടു പോകുന്ന ചരിത്രം മാറാൻ പോവുകയാണ്. പുതിയ പുതിയ നീക്കം നടത്തി പണം സ്വരൂപിക്കാനും സ്വന്തം കാലിൽ നിൽക്കാനും കോർപ്പറേഷനുകൾക്കും നഗരസഭകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാവണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണ്ടത്തെപ്പോലെ സർക്കാരിന്റെ പ്ലാൻ ഫണ്ട് മാത്രം അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. പുതിയ പുതിയ നീക്കം നടത്തി പണം സ്വരൂപിക്കാൻ കഴിയണം പ്രായമായവരെ സഹായിക്കാൻ വാർഡുകൾ തോറും സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള വാതിൽപടി സേവനം ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയാത്തതാണ് പ്രശ്നം.

ചില പദ്ധതികൾ ചിലയിടങ്ങളിൽ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് നാം ഓർക്കണമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിലെ മാലിന്യ നിർമ്മാർജനത്തിന് ശാസ്ത്രീയമായ പ്ലാന്റ് തയ്യാറാക്കാൻ നമുക്ക് കഴിയണം. മാലിന്യം നിറഞ്ഞ തോടുകൾ ശാസ്ത്രീയമായി സാങ്കേതിക മികവോടെ മാറ്റി ശുദ്ധജലമാക്കാനായാൽ അവിടെ പൂന്തോട്ടങ്ങൾ തന്നെ ഉണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ടി.ഒ മോഹനൻ അധ്യക്ഷനായി.