പിണറായി: ഒരാഴ്ച നീണ്ടു നിൽക്കുന്ന പിണറായി പെരുമ സർഗ്ഗോത്സവത്തിന്റെ തിരശ്ശീലയുയർന്നു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന നാടകമേള നടൻ സന്തോഷ് കീഴാറ്റൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയും വികസനവും ചർച്ചയാവുന്ന കാലമാണിത്. കലാകാരന് സ്വന്തം മതസർട്ടിഫിക്കറ്റ് ഹാജരാക്കി കലാപരിപാടി അവതരിപ്പിക്കേണ്ടി വരുന്ന കാലം കൂടിയാണിത്.

കോവിഡ് കാലം നാടക കലാകാരന്മാരെയാണ് കൂടുതൽ ബാധിച്ചത്. മറ്റ് കലാരൂപങ്ങൾക്ക് ഇലക്ട്രോണിക്ക് - ഡിജിറ്റൽ സാധ്യതകൾ തുറന്നു കിട്ടുമ്പോൾ നാടകത്തിന് നേരിട്ട് കാണികളെ അഭിമുഖീകരിച്ചേ മതിയാവൂ. സത്യത്തിൽ അരങ്ങിൽ വീണ വിയർപ്പും ചോരയുമാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്.

നാടകത്തിലേക്ക് സ്ത്രീകൾ ധാരാളമായി കടന്നുവരുന്നു. യഥാർത്ഥത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണിത്. വെളിച്ചത്തിരുന്ന് സത്യം വിളിച്ചു പറയുന്നവരാണ് നാടക പ്രവർത്തകർ. എല്ലാകലാരൂപങ്ങളും വലിയ വെല്ലുവിളി നേരിടുമ്പോൾ നാടക പ്രവർത്തകർ ധീരമായ കടമയാണ് നിറവേറ്റി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എലിയൻ അനിൽ അദ്ധ്യക്ഷനായി.കക്കോത്ത് രാജൻ, ഒ . വി . ജനാർദ്ദനൻ ടി.ജയരാജ് എന്നിവർ സംസാരിച്ചു. സന്തോഷ് കീഴാറ്റൂരിന് പിണറായി പെരുമയുടെ ഉപഹാരം കക്കോത്ത് രാജൻ കൈമാറി. പിണറായി പെരുമയുടെ ഇൻസ്റ്റഗ്രാം പേജ് സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

മേളയിലെ ആദ്യ നാടകമായി തിരുവനന്തപുരം സൗപർണ്ണികയുടെ 'ഇതിഹാസം അവതരിപ്പിച്ചു. നാടകത്തിനു മുൻപ് ഡോ.ആർ. ഷാൻ സംവിധാനം ചെയ്ത ഹ്രസ്വ ചലച്ചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റ് പ്രദർശിപ്പിച്ചു. വെള്ളിയാഴ്‌ച്ച വൈകുന്നേരം മണിക്ക് യതീന്ദ്രൻ സംവിധാനം ചെയ്ത ഹ്രസ്വ ചലച്ചിത്രം പാപ്പാസ് പ്രദർശിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് ഹേമന്ത്കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും നിർവ്വഹിച്ച വേനലവധി നാടകം അവതരിപ്പിക്കും.