തിരുവനന്തപുരം: ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചത് തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ചർച്ചാവിഷയമായിരിക്കുകയാണ്. യെച്ചൂരി കേരള മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറഞ്ഞിക്കുക ആണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. യെച്ചൂരി എന്തു കൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത് എന്നാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ സംശയം.

'എന്റെ സംശയം അതല്ല. യെച്ചൂരി എന്തു കൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?' ബിജെപി മുഖ്യമന്ത്രിയാണ് ഏറ്റവും മികച്ചത് എന്നാണ് യെച്ചൂരി അർത്ഥമാക്കിയതെന്നും ഒരു വിഭാഗം ബിജെപി നേതാക്കൾ വ്യാഖ്യാനിക്കുന്നു.

യെച്ചൂരിയുടെ പ്രസ്താവനയിലൂടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് പാർട്ടി ദേശീയ നേതൃത്വം പിണറായി വിജയനെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കെതിരെ ബദൽ ഉണ്ടാക്കുമെന്ന് സിപിഎം പറയുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

3 സീറ്റുള്ള സിപിഎം 303 സീറ്റുള്ള ബിജെപിക്ക് ബദൽ ഉണ്ടാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാർട്ടി കോൺഗ്രസ് നടത്തിയാൽ കേരളത്തിലെ ജനങ്ങൾ പുച്ഛിക്കും. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നാണ് യെച്ചൂരി പരോക്ഷമായി പറയുന്നത്. അസമിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ പോലും ബിജെപിക്കാണ് വോട്ട് ചെയ്തത്. കോൺഗ്രസുകാർക്ക് പോലും വിശ്വാസമില്ലാത്ത പാർട്ടിയായി അവർ മാറുമ്പോൾ സിപിഎമ്മിന്റെ പിന്തുണ അജഗള സ്തനം പോലെയാകുമെന്ന് ഉറപ്പാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം 2024 പൊതുതിരഞ്ഞെടുപ്പിന്റെ ട്രെയിലറാണ്. കോൺഗ്രസും ജിഹാദി ഗ്രൂപ്പും സിപിഎമ്മും അടങ്ങുന്ന അവിശുദ്ധ സഖ്യത്തിനുള്ള വഴിയൊരുക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യം.

ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്. പാർട്ടി തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി