കൊച്ചി: കർഷകന്റെ ഒരുതുണ്ട് ഭൂമിപോലും ജപ്തിചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ജപ്തിനടപടികളുമായിട്ടെത്തിയാൽ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചെതിർക്കുമെന്നും വിവിധ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു.

അസംഘടിത കർഷകരുടെമേൽ കുതിരകയറി എന്തുമാകാമെന്ന് ആരും കരുതരുത്. കർഷകർ ആരുടെയും അടിമയല്ല. അക്കാലം കഴിഞ്ഞുപോയെന്ന് ഇന്ത്യയിലെ കർഷകസമൂഹം ഡൽഹിയിൽ തെളിയിച്ചതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും സർഫാസി നിയമത്തിന്റെയും മറവിൽ കർഷകഭൂമി കയ്യേറാൻ ശ്രമിച്ചാൽ സംഘടിച്ച് എതിർക്കാർ കർഷകർ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് പിന്തുണയ്ക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

സംസ്ഥാന വൈസ്ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. 2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തുടർന്ന് കോവിഡ് കാലത്തും സർക്കാർ പ്രഖ്യാപിച്ച ധനസഹായപദ്ധതികളിൽ കർഷകരെ അവഗണിച്ചു. ബാങ്കുകളുടെ കർഷകദ്രോഹനടപടികൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യർത്ഥിച്ചു. വന്യമൃഗശല്യം അതിരൂക്ഷമാകുമ്പോൾ സർക്കാർ കാലഹരണപ്പെട്ട നിയമങ്ങൾ വിളിച്ചറിയിച്ചും കേന്ദ്രസർക്കാരിനെ പഴിചാരിയും ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, ഡോ.ജോസ് കുട്ടി ഒഴുകയിൽ, ജിന്നറ്റ് മാത്യം, ജോയ് കൈതാരം, അഡ്വ. ജോൺ ജോസഫ്, സ്‌കറിയ നെല്ലംകുഴി, ജോസ് അഞ്ചൽ, സുനിൽ മഠത്തിൽ, പി.ജെ ജോൺ മാസ്റ്റർ, ഹരിദാസ് കല്ലടിക്കോട്, ഷുക്കൂർ കണാജെ, ഷാജി തുണ്ടത്തിൽ, നൈനാൻ തോമസ്, റോസ് ചന്ദ്രൻ, ഏനു പി.പി, പോൺസൺ ചാലക്കുടി, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ആനന്ദൻ പയ്യാവൂർ എന്നിവർ സംസാരിച്ചു.

2022 ഏപ്രിൽ 28ന് കോട്ടയത്തുചേരുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ഒന്നാം കർഷക കമ്മീഷന്റെ കരട് നിർദ്ദേശങ്ങൾ ചർച്ചചെയ്ത് തുടർ നടപടികൾ കൈക്കൊള്ളും. റബർ ആക്ട് 2022 സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഏപ്രിൽ 9നു മുമ്പ് എല്ലാ കർഷകസംഘടനകളും റബർ ബോർഡിനെയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തെയും അറിയിക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷകസംഘടനകളോട് അഭ്യർത്ഥിച്ചു.