പൊടിമറ്റം: മാതാക്കൾ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയിൽ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതിൽ മാതാക്കളുടെ സമർപ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ.

പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവർണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ പുളിക്കൽ. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാർത്ഥനാരൂപിയും ഉൾക്കാഴ്ചകളുമാണ്. കുടുംബങ്ങളിൽ ശാന്തിയും സമാധാനവും പുലരുമ്പോൾ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങൾ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളിൽ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികൾ വലിയ മാതൃകയും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പിൽ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം മുഖ്യപ്രഭാഷണം നടത്തി. എൽസമ്മ ജോയി, ഷാലമ്മ ജെയിംസ്, സി. മരിയ ജെയിംസ്, പ്രൊഫ. ഷീല കുഞ്ചെറിയ, മറിയമ്മ സ്‌കറിയ എന്നിവർ സംസാരിച്ചു.

ഇടവക സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭവനസഹായപദ്ധതി, വിദ്യാഭ്യാസ സഹായനിധി എന്നിവയ്ക്കായി മാതൃവേദി സമാഹരിച്ച 2.25 ലക്ഷം രൂപ വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം ഏറ്റുവാങ്ങി. മാതൃവേദി വർഷങ്ങളായി നടപ്പിലാക്കിയ വിവാഹ സഹായപദ്ധതിക്ക് നേതൃത്വം നൽകിയ എമിലി ഡോമിനിക്ക് കിഴക്കേമുറിയേയും ഇടവകയിലെ 80 വയസ്സ് പിന്നിട്ട സന്യാസിനിമാരേയും, മാതാക്കളേയും മാതൃസംഗമത്തിൽ മാർ ജോസ് പുളിക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.

കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫൊറോന തലത്തിൽ നടന്ന അടുക്കളത്തോട്ട മത്സരത്തിൽ വിജയികളായ ഷൈൻ ടോംസ് പുലിക്കുന്നേൽ, ആനിയമ്മ പറേക്കാട്ടിൽ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകപ്പെട്ടു. സഹവികാരി ഫാ. മാത്യു കുരിശുമ്മൂട്ടിൽ, തെയ്യാമ്മ തോക്കനാട്ട്, ഡെയ്സി ജോർജ്ജുകുട്ടി, ലീലാമ്മ കളത്തിപ്പറമ്പിൽ, മോളി ജോസഫ് പ്ലാപ്പള്ളി, സുമ കുന്നത്തുപുരയിടം എന്നിവർ ജൂബിലി മാതൃസംഗമത്തിന് നേതൃത്വം നൽകി.