നേമം മണ്ഡലത്തിലെ കരമനയിൽ കരിയർ ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാർത്ഥികൾക്ക് കരിയർ അധിഷ്ഠിത കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന കരിയർ ഡെവലപ്‌മെന്റ് സെന്റർ കരമനയിൽ സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കരിയർ പ്ലാനിംഗിന് പുറമേ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, സൈക്കോ മെട്രിക് ടെസ്റ്റുകൾ, കരിയർ കൗൺസിലിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. ആധുനിക ലൈബ്രറി സംവിധാനം, വായനാ മുറികൾ, ഓൺലൈൻ പഠനത്തിന് സ്റ്റുഡിയോ, കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാൾ, ട്രെയിനിങ് റൂമുകൾ എന്നിവ ഈ സെന്ററിൽ ഉണ്ടാകും.

വിദഗ്ദ്ധരായ കരിയർ അഡൈ്വസർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ കുട്ടികൾക്ക് ഉന്നത പഠനത്തിനുള്ള കോഴ്‌സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നതിനും മത്സരപരീക്ഷകൾക്കുള്ള ട്രെയിനിങ് ലഭ്യമാക്കുക വഴി കുട്ടികൾക്ക് ജോലി ലഭിക്കുന്നതിനും സ്ഥാപനം സഹായകരമാകും . സംസ്ഥാനത്തെ മാതൃകാ കരിയർ ഡെവലപ്‌മെന്റ് സെന്റർ ആയി ഈ സ്ഥാപനത്തെ മാറ്റുമെന്ന് നേമം എംഎൽഎ കൂടിയായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.