ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ് എന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജോ:സെക്രട്ടറി ബി.എസ്.രാജീവ് ആരോപിച്ചു. PFRDA ബില്ലിന്റെ പേര് പറഞ്ഞ് കേന്ദ്രത്തെ പഴിചാരാതെ രാജസ്ഥാൻ മാതൃകയിൽ അത് പിൻവലിക്കാൻ ഇടതു സർക്കാർ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലീവ് സറണ്ടർ ഈ വർഷവും മരവിപ്പിക്കാനാണ് സർക്കാർ ശ്രമം. മെഡിസെപ്പ് നടപ്പാക്കാനോ പദ്ധതിയിലെ അപാകതകൾ ചർച്ച ചെയ്യാനോ സർക്കാർ തയ്യാറാകുന്നില്ല. ക്ലാസ് 4 ജീവനക്കാർക്ക് 40% വകുപ്പുതല പ്രമോഷൻ നടപ്പാക്കി തുല്യനീതി നടപ്പാക്കാനും സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള 10% പ്രമോഷൻ പോലും പല വകുപ്പിലും ഇതുവരെ നൽകിയിട്ടില്ല. മോദി സർക്കാർ കഴിഞ്ഞ ദിവസം ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോഴും കേരളത്തിൽ 3 ഗഡു ക്ഷാമബത്ത കുടിശ്ശിഖയാണ്. ആലപ്പുഴയുടെ സ്വന്തം വകുപ്പ് എന്നറിയപ്പെടുന്ന ജലഗതാഗത വകുപ്പിൽ 20 വർഷമായി സ്‌പെഷ്യൽ റൂൾ വൈകിപ്പിക്കുന്നു. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ രാഷ്ട്രീയമായി ദ്രോഹിക്കാൻ ആണ് പല വകുപ്പും ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പങ്കാളിത്ത പെൻഷന്റെ ഒൻപതാം വർഷിക ദിനമായ ഏപ്രിൽ 1 ന് കേരള എൻ.ജി.ഒ. സംഘ് ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഎസ് രാജീവ്. ജില്ലാ പ്രസിഡന്റ് കെ.ആർ.വേണു അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഒർഗനൈസേഷൻസ് (FETO) ജില്ലാ പ്രസിഡന്റ് കെ.ജി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ:സെക്രട്ടറി ജെ മഹാദേവൻ സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി സ്വാഗതവും ജില്ലാ ട്രഷറർ എൽ.ദിലീപ് കുമാർ കൃതജ്ഞതയും പറഞ്ഞു. കെ.രാമനാഥ്, കെ ആർ രജീഷ്, ബി.മഹിൽകുമാർ, സോളിമോൻ എന്നിവർ പ്രസംഗിച്ചു.