- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസ്പ്രിന്റിന് വിലയേറി; ഇറക്കുമതി കുറഞ്ഞു; ശ്രീലങ്കയിൽ രണ്ട് ദിനപത്രങ്ങൾ പൂട്ടി; പേജുകളുടെ എണ്ണം വെട്ടിക്കുറച്ച് ഒട്ടേറെ പത്രങ്ങൾ
ന്യുഡൽഹി: സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന ശ്രീലങ്കയിൽ രണ്ട് പ്രമുഖ പത്രങ്ങൾ അടച്ചുപൂട്ടി. ഇംഗ്ലീഷ് ദിനപത്രമായ 'ദ ഐലൻഡ്', സംഹള പത്രമായ 'ദിവൈന' എന്നിവയാണ് ശ്രീലങ്കയിൽ അച്ചടി നിർത്തി ഓൺലൈൻ പതിപ്പ് മാത്രമാക്കിയത്. ശ്രീലങ്കയിൽ ന്യൂസ്പ്രിന്റിന്റെ ചെലവ് കുതിച്ചുയരുകയും ഇറക്കുമതി കുറയുകയും ചെയ്തതോടെ നിരവധി പത്രങ്ങൾ നിലനിൽപ്പിനായി പേജുകളുടെ എണ്ണം പരാമവധി പരിമിതപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കാലപ്പഴക്കമുള്ള യന്ത്രങ്ങൾ, ഉയർന്ന ഉൽപ്പാദനച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ ആഭ്യന്തര ന്യൂസ് പ്രിന്റ് ഉത്പാദനത്തിൽ വരുന്ന ഗുണനിലവാര തകർച്ച വിദേശ നിർമ്മിത ന്യൂസ് പ്രിന്റിനെ ആശ്രയിക്കാൻ പത്രങ്ങളെ പ്രേരിപ്പിക്കുന്നു. പക്ഷേ അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് മഹാമാരിയും റഷ്യയുടെ യുക്രൈയ്ൻ അധിനിവേശവും ന്യൂസ്പ്രിന്റ് ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളായ ടെലിഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവ ന്യൂസ് പ്രിന്റ് ക്ഷാമം മറികടക്കാൻ പേജുകളുടെ എണ്ണവും ഗുണനിലവാരവും കുറക്കുകയാണ് ചെയ്യുന്നത്.
ന്യൂസ് പ്രിന്റിന്റെ വില 2019-ൽ ടണ്ണിന് 450 ഡോളറായിരുന്നെങ്കിൽ നിലവിൽ ഇരട്ടി കവിഞ്ഞ് ഏകദേശം 950 ഡോളറായി മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി പ്രസിഡന്റ് മോഹിത് ജെയിൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് മാസത്തിനിടെ പേപ്പർ വില 45 ശതമാനം ഉയർന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി ലഘൂകരിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനാദ്യം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഗുണനിലവാരം വർധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ന്യൂസ്പ്രിന്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, ഇന്ത്യയിൽ പ്രതിവർഷം 2.2 ദശലക്ഷം ടൺ ന്യൂസ് പ്രിന്റാണ് ഉപയോഗിക്കുന്നത്. ഇതിൽ 1.5 ദശലക്ഷം ടണ്ണും ഇറക്കുമതിയാണ്. ഇറക്കുമതിയുടെ 45 ശതമാനം റഷ്യയിൽ നിന്നും 40 ശതമാനം കാനഡയിൽ നിന്നുമാണ് വരുന്നതെന്ന് മോഹിത് ജെയിൻ പറഞ്ഞു.




