ശ്രീനഗർ :ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് ഭീകരർ. രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തു. പഞ്ചാബിലെ പഠാൻകോട്ട് സ്വദേശികളായ ധീരജ് ദത്ത്, സുരീന്ദർ ദത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

രാത്രിയോടെ ശ്രീനഗറിലെ നൗപോരയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടനെ ഭീകരർ രക്ഷപ്പെട്ടു. പ്രദേശവാസികൾ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

ഇതിൽ ഒരാൾക്ക് നെഞ്ചിലാണ് വെടിയേറ്റത്. ഇയാൾ നിലവിൽ എസ്എംഎച്ച്എസ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. രണ്ടാമത്തെയാൾക്ക് കാലിൽ ആണ് വെടിയേറ്റത്.

സംഭവത്തിൽ ഭീകരർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമിച്ച ഭീകരർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം മുഴുവൻ കനത്ത ജാഗ്രതയിൽ ആണ്.

കഴിഞ്ഞ മാസവും ശ്രീനഗറിൽ സമാന രീതിയിൽ ഭീകരർ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. യുപി സ്വദേശിക്കെതിരെയാണ് ആക്രമണം നടത്തിയത്.