കൊൽക്കത്ത: ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്‌ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത ഹൗറയിൽ നിന്നുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത യുപിഎസ്‌സി കോച്ചിങ് സെന്ററിലെ ജോഗ്രഫി അദ്ധ്യാപകനായ പ്രിയേഷ് സിങ് സെൻഗറിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ സാൾട്ട് ലേക്ക് ഗസ്റ്റ് ഹൗസിലേക്ക് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം ചെയ്തത്. നിർബന്ധിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഫെബ്രുവരിയിൽ, തന്നെ കാണാൻ ഗ്വാളിയോറിൽ വരാൻ സെൻഗാർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ആവശ്യം നിരസിച്ചു. തുടർന്ന് അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗസ്റ്റ് ഹൗസിൽ നിന്ന് എടുത്ത വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഫെബ്രുവരി 15 നാണ് പെൺകുട്ടി പരാതി നൽകിയത്. തുടർന്ന് സെൻഗാറിനെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊൽക്കത്തയിലെത്തിച്ച ഇയാളെ സാൾട്ട് ലേക്ക് കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.