മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് എംഎൻഎസ് തലവൻ രാജ് താക്കറെ. ഗുഡി പാദുവ ദിന പ്രസംഗത്തിലാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. നിരോധനത്തിന് മഹാരാഷ്ട്ര സർക്കാർ തയ്യാറായില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ഗീതങ്ങൾ കേൾപ്പിക്കുമെന്നും ഭീഷണി മുഴക്കി. അതിനിടെ പാർട്ടി ഓഫീസിന് മുന്നിൽ ഹനുമാൻ ഗീതങ്ങൾ ഉച്ചത്തിൽ വെച്ച് പ്രവർത്തകർ രംഗത്തെത്തി.

പ്രാർത്ഥിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേൾപ്പിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കല്യാണിലെ സായ് ചൗക്കിലുള്ള പാർട്ടി ഓഫീസിന്റെ മുന്നിലാണ് ഉച്ചഭാഷിണി ഉപയോഗിച്ച് എംഎൻഎസ് പ്രവർത്തകർ ഹനുമാൻ ഗീതങ്ങൾ ഉറക്കെ കേൾപ്പിച്ചത്. കൂടാതെ പ്രവർത്തകർ ജയ് ശ്രീറാം മുദ്രാവാക്യവും ഉയർത്തി.

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെ ആവശ്യത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ശിവസേന എംപി സഞ്ജയ് റൗട്ട്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, അശോക് ചവാൻ എന്നിങ്ങനെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സ്‌പോൺസർ ചെയ്ത സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലുള്ളതാണ് രാജ് താക്കറെയുടെ പരാമർശമെന്നാണ് സഞ്ജയ് റൗട്ട് തുറന്നടിച്ചത്.