തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ് എഫ്.കെയിൽ പുരസ്‌കാരം കരസ്ഥമാക്കിയതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് തിരുവനന്തപുരത്തെ ഏരിസ് പ്ലെക്‌സ് എസ്. എൽ സിനിമാസ്. ഫിലിം ഫെസ്റ്റിവലിൽനായി മികച്ച തിയറ്റർ സൗകര്യങ്ങൾ ഒരുക്കി നൽകിയതിനുള്ള അംഗീകാരമായിരുന്നു ഇത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരമാണ് ഡോ. സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ഈ തീയേറ്ററിന് ലഭിച്ചത്. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ഏരീസ് പ്ലെക്‌സ് ഡയറക്ടർ എം.ജോയ് പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഒട്ടനവധി അംഗീകാരങ്ങൾക്ക് ഈ തീയേറ്റർ ഇതിനുമുൻപും അർഹമായിട്ടുണ്ട് . ബാഹുബലി എന്ന സിനിമയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഏരിസ് പ്ലക്‌സിൽ നിന്നായിരുന്നു. ഇറക്കുമതി ചെയ്ത സിൽവർ സ്‌ക്രീനാണ് ഈ മൾട്ടിപ്ലെക്‌സിലെ ഓഡി വണ്ണിൽ ഉള്ളത്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിപ്പമേറിയ സ്‌ക്രീനുകളിൽ ഒന്നാണ് ഇത്. രണ്ട് പ്രൊജക്ടറുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, ഒരേസമയം സംയോജിപ്പിച്ച് സ്‌ക്രീനിൽ എത്തിക്കുന്നതിനാൽ മറ്റെങ്ങുമില്ലാത്ത ദൃശ്യമിഴിവ് ചിത്രങ്ങൾക്ക് ലഭിക്കുന്നു. ഫോർ കെ സാങ്കേതികവിദ്യയിലുള്ള ദൃശ്യ വിന്യാസവും ഇവിടെ ഒരുക്കിയിരിക്കുന്നു. എൺപതിനായിരം വാട്ട്‌സിൽ അറുപത്തിനാല് ചാനൽ ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനമാണ് മറ്റൊരു പ്രത്യേകത . ഈ കാരണങ്ങൾ കൊണ്ട് തന്നെ വലിയ ബഡ്ജറ്റിലുള്ള സിനിമകളുടെ സൗന്ദര്യം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ ഒട്ടനവധി ചലച്ചിത്ര ആസ്വാദകർ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തുന്നുണ്ട് . 'ടു പോയിന്റ് ഒ' എന്ന രജനി ചിത്രത്തിനും ഈ തീയേറ്ററിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. 'മരയ്ക്കാർ ' എന്ന മോഹൻലാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ ഷോകൾ ലഭിച്ചതും ഏരിസ് പ്ലക്‌സിൽത്തന്നെ ആയിരുന്നു.

ഏറ്റവും നല്ല കാഴ്ചാനുഭവം പ്രേക്ഷകർക്ക് നൽകുവാൻ തീയേറ്റർ ഉടമകൾ തയ്യാറായാൽ മാത്രമേ ഈ 'ഒറ്റിറ്റി'ക്കാലത്ത് പ്രേക്ഷകർ സിനിമ കാണുവാൻ തീയറ്ററിലേക്ക് വരികയുള്ളൂ എന്ന് ഹോളിവുഡ് സംവിധായകൻ കൂടിയായ ഏരിസ് ഗ്രൂപ്പ് സി ഇ ഒ ഡോ. സോഹൻ റോയ് പറയുന്നു. ' ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. എന്നാൽ സിനിമാ മേഖലയ്ക്കും തിയേറ്ററുകൾക്കും ഇത് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ഇതിന്റെ ഏറ്റവും വലിയ കാരണം മികച്ച ദൃശ്യാനുഭവവും സൗകര്യങ്ങളും നൽകുന്ന തീയറ്ററുകളുടെ അഭാവമാണ്. തിയേറ്ററുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു വലിയ മൂലധനനിക്ഷേപം നടത്തിയാൽ അതിൽ നിന്നുള്ള വരുമാനം അനേകം മടങ്ങ് വർദ്ധിക്കുകയും, ആഗോള സിനിമാ വിപണിയിൽ മികച്ച സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും. 'പ്രൊജക്റ്റ് ഇൻഡിവുഡ് ' എന്ന പദ്ധതിയുടെ ഭാഗമായി ആഗോളനിക്ഷേപത്തിനുവേണ്ടി ഒരു വലിയ പ്ലാറ്റ്‌ഫോം തന്നെ ഞങ്ങൾ ഇതിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഏരിസ് എസ് എൽ പ്ലെക്സിലെ അടിസ്ഥാന സൗകര്യങ്ങൾ ഈ ബ്രഹദ്പദ്ധതിയുടെ ഒരു മാതൃക എന്ന നിലയിൽ സജ്ജീകരിക്കപ്പെട്ടതാണ്. അത് ഫലം കാണുന്നു എന്നാണ് ഈ തീയേറ്ററിന് ലഭിക്കുന്ന അംഗീകാരങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ വീടുകളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഹോം തിയേറ്ററുകളും എഡ്യൂക്കേഷൻ തിയേറ്ററുകളും ഇതേ നിലവാരത്തിൽ ഞങ്ങൾ നിർമ്മിച്ചു കൊടുക്കുന്നുണ്ട്. വീടിന്റെ ടെറസിൽ ഒരു ദിവസം കൊണ്ട് തന്നെ സെറ്റ് ചെയ്യാവുന്ന പ്രീ ഫാബ്രിക്കേറ്റഡ് ഹോം തീയേറ്ററുകളാണ് ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ് ' അദ്ദേഹം പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ എല്ലാ തീയേറ്ററുകളും അടച്ചിട്ടപ്പോഴും തൊഴിലാളികൾക്ക് ശമ്പളം നൽകി മാതൃകയായ ഒരു സ്ഥാപനം കൂടിയായിരുന്നു ഏരിസ് പ്ലെക്‌സ്. അന്തരീക്ഷവായു എപ്പോഴും ശുദ്ധീകരിച്ച് നിലനിർത്തിക്കോണ്ട് കോവിഡ് ഉൾപ്പെടെയുള്ള വൈറസുകളെ അണുവിമുക്തമാക്കുന്ന 'വോൾഫ് എയർ മാസ്‌ക്കു'കളും ഈ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.